2026 ലെ ഫിഫ ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള അർജന്‍റീന ടീമിലേക്ക് സൂപ്പര്‍ താരം ലയണല്‍ മെസ്സി തിരിച്ചെത്തി. കോച്ച് സ്‌കലോണി 31 അംഗ ശക്തമായ ടീമിനെ പ്രഖ്യാപിച്ചു. വെനിസ്വേലയ്ക്കും ഇക്വഡോറിനുമെതിരായ വരാനിരിക്കുന്ന മത്സരങ്ങളിൽ മെസ്സി വീണ്ടും കളത്തിലിറങ്ങും. അടുത്തിടെ പരിക്കില്‍ നിന്ന് മോചിതനായി ഗ്രൗണ്ടില്‍ തിരിച്ചെത്തിയ മെസ്സി മേജര്‍ ലീഗ് സോക്കറില്‍ ഇന്‍റര്‍ മയാമിക്ക് വേണ്ടി കഴിഞ്ഞ മല്‍സരത്തില്‍ ഗോള്‍ നേടി തിളങ്ങിയിരുന്നു.
CONMEBOL യോഗ്യതാ ഗ്രൂപ്പിൽ ഒന്നാമതെത്തി 2026 ലോകകപ്പിലേക്ക് അർജന്‍റീന തങ്ങളുടെ സ്ഥാനം ഇതിനകം ഉറപ്പാക്കിയിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നുള്ള ക്ലോഡിയോ എച്ചെവേരി, കോമോയുടെ വളർന്നുവരുന്ന താരം നിക്കോ പാസ് തുടങ്ങിയ യുവ പ്രതിഭകൾ ടീമിൽ ഇടംനേടി. ജൂണിൽ കൊളംബിയയ്‌ക്കെതിരായ സമനിലയിൽ ചുവപ്പ് കാർഡ് ലഭിച്ചതിനെത്തുടർന്ന് രണ്ട് മത്സരങ്ങളിൽ സസ്‌പെൻഷൻ ലഭിച്ചതിനാൽ ചെൽസി മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസിന് ടീമിൽ ഇടം ലഭിച്ചിട്ടില്ല. കൂടാതെ, ചെൽസിയുമായി ബന്ധിപ്പെട്ട ട്രാൻസ്ഫർ കിംവദന്തികൾക്കിടയിൽ മാഞ്ചസ്റ്റർ യുണൈറ്റഡില്‍ നിന്ന് വിട്ടുനിൽക്കുന്നതിനാൽ അലജാൻഡ്രോ ഗാർണാച്ചോയേയും ഉൾപ്പെടുത്തിയിട്ടില്ല.
ജൂണിൽ ചിലിക്കും കൊളംബിയയ്ക്കുമെതിരായ മത്സരങ്ങളിൽ മെസ്സിക്ക് കളിക്കാൻ പരിമിതമായ സമയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പരിചയസമ്പന്നരായ കളിക്കാരുടെയും വളർന്നുവരുന്ന താരങ്ങളുടെയും സംയോജനത്തിലൂടെ തങ്ങളുടെ യോഗ്യതാ മത്സരം മികച്ച രീതിയിൽ പൂർത്തിയാക്കാനാണ് അര്‍ജന്‍റീന ശ്രമിക്കുന്നത്. ഗോൾകീപ്പർമാരായ എമിലിയാനോ മാർട്ടിനെസ് (ആസ്റ്റൺ വില്ല), ജെറോണിമോ റുള്ളി (മാർസെയിൽ), വാൾട്ടർ ബെനിറ്റസ് (ക്രിസ്റ്റൽ പാലസ്) എന്നിവരാണ് പട്ടികയിൽ ഉൾപ്പെടുന്ന മറ്റു താരങ്ങള്‍.
ക്രിസ്റ്റ്യൻ റൊമേറോ (ടോട്ടൻഹാം), നിക്കോളാസ് ഒട്ടമെൻഡി (ബെൻഫിക്ക) തുടങ്ങിയ പ്രതിരോധ താരങ്ങളും ടീമിലുണ്ട്. അലക്‌സിസ് മാക് അലിസ്റ്റർ (ലിവർപൂൾ), റോഡ്രിഗോ ഡി പോൾ (ഇന്‍റര്‍ മിയാമി) തുടങ്ങിയ മിഡ്‌ഫീൽഡർമാർ ടീമിന്‍റെ കരുത്ത് വർധിപ്പിക്കുന്നു. വരാനിരിക്കുന്ന മത്സരങ്ങൾക്കുള്ള മുന്നേറ്റനിരയിൽ ജൂലിയൻ അൽവാരസ് (അറ്റ്ലെറ്റിക്കോ മാഡ്രിഡ്), ലൗട്ടാരോ മാർട്ടിനെസും (ഇന്‍റര്‍ മിലാന്‍) മയാമിയുടെ മെസ്സിയുമാണ്.
സെപ്റ്റംബര്‍ 4 ന് ബ്യൂണസ് ഐറിസിലെ മോനുമെന്‍റല്‍ സ്റ്റേഡിയത്തില്‍ വെനിസ്വേലയേയും അഞ്ച് ദിവസത്തിന് ശേഷം ഗ്വായാക്വിലില്‍ ഇക്വഡോറിനേയും അര്‍ജന്‍റീന നേരിടും. ദക്ഷിണ അമേരിക്കന്‍ മേഖല യോഗ്യതാ റൗണ്ടില്‍ 35 പോയിന്‍റമായി അർജന്‍റീന ഒന്നാം സ്ഥാനത്താണ് നില്‍ക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ഇക്വഡോറിനേക്കാളും മൂന്നാം സ്ഥാനത്ത് ബ്രസീലിനേക്കാളും 10 പോയിന്‍റ് മുന്നിലാണ്.
















