യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് സൗത്ത് മണ്ഡലം സമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കാതെ ചാണ്ടി ഉമ്മന്‍ എംഎല്‍എ മാറിനിന്നത് വിവാദമാകുന്നു. കോഴിക്കോട് നഗരത്തില്‍ ഉണ്ടായിട്ടും ചാണ്ടി ഉമ്മന്‍ പരിപാടിയില്‍ നിന്നും വിട്ടുനിന്നതില്‍ ഡിസിസിയ്ക്ക് കടുത്ത അതൃപ്തിയുണ്ട്. ചാണ്ടി ഉമ്മൻ പരിപാടിയിൽ പങ്കെടുക്കാതിരുന്നത് ശരിയായില്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ പ്രതികരിച്ചു. ചാണ്ടി ഉമ്മനെ പരിപാടിയിൽ പങ്കെടുപ്പിക്കാതിരിക്കാൻ ചില കോൺഗ്രസ് നേതാക്കൾ ശ്രമിച്ചതായും ആരോപണമുണ്ട്. എന്നാൽ എത്താമെന്ന് താൻ ഏറ്റിരുന്നില്ലെന്നാണ് ചാണ്ടി ഉമ്മന്‍റെ മറുപടി.
പരിപാടിയിൽ പങ്കെടുക്കാൻ ചാണ്ടിയോട് ആവശ്യപ്പെട്ടത് ഡിസിസി നേതൃത്വമാണ്. കോഴിക്കോട് ഉണ്ടായിട്ടും എന്തുകൊണ്ട് പരിപാടിയിൽ പങ്കെടുത്തില്ലെന്ന കാര്യത്തിൽ ചാണ്ടി ഉമ്മനോട് വിശദീകരണം ആരായും. എന്തു കൊണ്ട് വിട്ടു നിന്നു എന്ന് അന്വേഷിക്കുമെന്ന് DCC പ്രസിഡൻറ് കെ. പ്രവീൺകുമാർ വ്യക്തമാക്കി.ചാണ്ടി ഉമ്മനോട് പരിപാടിയിൽ പങ്കെടുക്കാൻ താൻ ആവശ്യപ്പെട്ടതാണ്. വിട്ടുനിന്നെങ്കിൽ അത് തെറ്റാണ്. എന്തുകൊണ്ട് വിട്ട് നിന്നു എന്ന് അറിയില്ല. ചാണ്ടി ഉമ്മൻ ജില്ലയിൽ ഉണ്ടായിരുന്നിട്ടും പരിപാടിക്ക് എത്തിയില്ല . രമ്യ ഹരിദാസാണ് പകരം പങ്കെടുത്തതെന്നും അദ്ദേഹം അറിയിച്ചു. പങ്കെടുക്കാതിരുന്നത് ബോധപൂര്‍വ്വം ആണെങ്കില്‍ തെറ്റാണ്. ഗ്രൂപ്പ് വഴക്കൊന്നുമില്ലെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.
അതേസമയംചാണ്ടി ഉമ്മൻ പരിപാടിയിൽ നിന്നും വിട്ടു നിന്നതിനെതിരെ പരാതി അറിയിക്കാൻ യൂത്ത് കോൺഗ്രസ് സൗത്ത് നിയോജക മണ്ഡലം കമ്മറ്റി നേതാക്കൾ കോഴിക്കോട് ഡിസിസി ഓഫീസിൽ എത്തി. എം കെ രാഘവനെ അനുകൂലിക്കുന്ന എ ഗ്രൂപ്പ് നേതാക്കളാണ് ഡിസിസി ഓഫീസിൽ എത്തിയത്. കോഴിക്കോട് ഉണ്ടായിട്ടും എന്തുകൊണ്ട് പരിപാടിയിൽ പങ്കെടുത്തില്ലെന്ന കാര്യത്തിൽ ചാണ്ടി ഉമ്മനോട് വിശദീകരണം ആരായും. ടി സിദ്ദിഖ് അനുകൂലികളാണ് ചാണ്ടി ഉമ്മനെ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചതെന്നാണ് ആരോപണം.
ചാണ്ടി ഉമ്മൻ പങ്കെടുക്കാത്തതിനെതിരെ കെപിസിസിക്കും എഐസിസിക്കും പരാതി നൽകുമെന്ന് കോഴിക്കോട് സൗത്ത് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് പി പി റമീസ് പറഞ്ഞു. ഡിസിസി നേതൃത്വത്തിന് ഇതിനകം പരാതി നൽകിയിട്ടുണ്ട്. ചാണ്ടി ഉമ്മനെ ക്ഷണിച്ചത് ഒരാഴ്ച മുമ്പാണെന്നും പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നുവെന്നും റമീസ് പറഞ്ഞു. എന്തുകൊണ്ടാണ് പങ്കെടുക്കാത്തത് എന്ന് അറിയില്ല. കോൺഗ്രസിനെ സ്നേഹിക്കുന്നവരെ വേദനിപ്പിച്ചെന്നും റമീസ് പ്രതികരിച്ചു.
എന്നാൽനിമിഷ പ്രിയ കേസിന്‍റെ ചർച്ചക്കായി ദുബൈയിൽ പോയി പുലർച്ചെ 3.30നാണ് വിമാനത്താവളത്തിൽ എത്തിയതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ഹോട്ടലിൽ രാവിലെ 5 മണിക്കാണ് എത്തിയത്. യൂത്ത് കോൺഗ്രസിന്‍റെ പരിപാടി ഏറ്റിരുന്നില്ല. മണ്ഡലം പ്രസിഡന്‍റ് വിളിച്ചിട്ടും ഇല്ല. സാഹചര്യം ഉണ്ടായാൽ മാത്രം പങ്കെടുക്കും എന്നാണ് പറഞ്ഞത്. രമ്യ ഹരിദാസ് ആണ് ഏറ്റത്. ഡിസിസി പ്രസിഡന്‍റ് വിശദീകരണം തേടിയത് പാർട്ടിയിൽ തീർത്തോളാം. എല്ലാം വിവാദമാക്കരുത്. ക്രിസ്റ്റ്യൻ കോളേജിലെ പരിപാടിയും മുക്കത്തെ പരിപാടിയുമാണ് താൻ ഏറ്റത്. വിവാദം അനാവശ്യമാണെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
















