കേരളത്തിലെ റോഡ് പരിപാലനം സമയ ബന്ധിതമായി നടപ്പാക്കുന്നതിന് ഈ സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് റണ്ണിംഗ് കോണ്‍ട്രാക്ട് പദ്ധതി. പരിപാലന കാലാവധിയില്‍ അല്ലാത്ത റോഡുകള്‍ പൂര്‍ണമായും ഗതാഗതയോഗ്യമാക്കുന്നതിന് നിശ്ചിത കാലയളവിലേക്ക് ഒരു കരാറുകാരനെ ചുമതലപ്പെടുത്താനും പ്രവൃത്തികള്‍ കൃത്യസമയത്ത് നടപ്പാക്കാനും ആണ് ഈ പദ്ധതി നടപ്പിലാക്കിയത്. വലിയ സ്വീകാര്യത ആണ് ഈ പദ്ധതിക്ക് ലഭ്യമായത്. 21,000 കിലോമീറ്ററോളം റോഡ് റണ്ണിങ് കോണ്‍ട്രാക്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരിപാലിച്ചു വരുന്നുണ്ട്.
എന്നാല്‍ ഈ വര്‍ഷത്തെ പരിശോധനയില്‍ ചില ഇടങ്ങളില്‍ പ്രവൃത്തി നടപ്പിലാക്കുന്നതില്‍ കുറ്റകരമായ അനാസ്ഥ ശ്രദ്ധയില്‍പ്പെട്ടു. പ്രവൃത്തിക്ക് തുക അനുവദിച്ചിട്ടും കൃത്യ സമയത്ത് സാങ്കേതിക അനുമതി നേടി ടെണ്ടറിങ് പ്രക്രിയ ആരംഭിക്കാത്ത സംഭവം മലപ്പുറം ജില്ലയില്‍ കണ്ടെത്തി. നിരത്ത് വിഭാഗം മഞ്ചേരി ഡിവിഷനിലെ പെരിന്തല്‍മണ്ണ ഉപവിഭാഗത്തിലാണ് ഈ വീഴ്ച്ച കണ്ടെത്തിയത്. ഇത് സംബന്ധിച്ച് പൊതു ജനങ്ങളില്‍ നിന്നും ലഭിച്ച പരാതികള്‍ അന്വേഷിക്കാന്‍ നിരത്ത് വിഭാഗം ചീഫ് എഞ്ചിനീയര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ചീഫ് എഞ്ചിനീയര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിരത്ത് വിഭാഗം മഞ്ചേരി ഡിവിഷനിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പെരിന്തല്‍മണ്ണ ഉപവിഭാഗത്തിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പെരിന്തല്‍മണ്ണ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ പരാതി ഉന്നയിച്ചപ്പോള്‍ ഭരണാനുമതി ലഭിച്ചില്ലെന്ന തെറ്റായ മറുപടിയാണ് ചില ഉദ്യോഗസ്ഥര്‍ നല്‍കിയത്.
വിശദമായ അന്വേഷണത്തിന് പൊതുമരാമത്ത് വിജിലന്‍സ് വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
റോഡുകളുടെ പരിപാലനം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനം തുടരും. ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്കും പ്രധാന പങ്കുവഹിക്കാന്‍ കഴിയും. റണ്ണിങ് കോണ്‍ട്രാക്ട് പദ്ധതിയില്‍ റോഡില്‍ നീല ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതില്‍ നല്‍കിയ ഫോണ്‍ നമ്പറില്‍ വിളിച്ചു പരാതികള്‍ അറിയിക്കാം. എന്നിട്ടും നടപടി ഇണ്ടായില്ലെങ്കില്‍ ശ്രദ്ധയില്‍പ്പെടുത്താം. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ വീഴ്ച്ച വരുത്തിയാല്‍ നടപടി തുടരും. ”ജനങ്ങള്‍ കാഴ്ചക്കാരല്ല കാവല്‍ക്കാരാണ്’
CONTENT HIGH LIGHTS;Three officials in Malappuram district suspended for road maintenance lapses: Minister P. Muhammed Riyaz’s Facebook post reminds people that ‘people are not spectators but watchmen’
















