തായ്‌ലൻഡിലെ പരിസ്ഥിതി സൗഹൃദമായ ക്ഷേത്രമാണ് ‘വാട് പാ മഹാ ചേഡി കൗ’. ‘ദശലക്ഷം കുപ്പികളുടെ ക്ഷേത്രം’ എന്നും ഇത് അറിയപ്പെടുന്നു.
15 ലക്ഷത്തിലേറെ ബീയർ കുപ്പികള്‍ കൊണ്ടാണ് ഈ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. മലിനീകരണം കുറയ്ക്കുന്നതിനായി ഒരു സമൂഹം ഒത്തുചേർന്നതിന്റെ തെളിവാണ് ഈ ക്ഷേത്രം.

തായ്‌ലന്‍ഡിന്റെ മധ്യഭാഗത്തുള്ള സിസാകെറ്റ് പ്രവിശ്യയിലാണ് ഈ അപൂര്‍വ സുന്ദരമായ ബുദ്ധ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിന്റെ നിര്‍മിതിക്കായി കാലിയായ ബീയർ കുപ്പികളാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ കുപ്പികളെല്ലാം സമീപ പ്രദേശത്തു നിന്നും ശേഖരിച്ചവയാണ്. അങ്ങനെ ശേഖരിച്ച ബീയർ കുപ്പികള്‍ ഉപയോഗിച്ചാണ് വിശ്രമ മുറികളും പ്രാര്‍ഥനാ മുറികളും അടങ്ങിയ ക്ഷേത്രം നിര്‍മിച്ചത്. ഇതിനോട് അനുബന്ധിച്ച് ഒരു ശ്മശാനം വരെ നിര്‍മ്മിച്ചിട്ടുണ്ട്. അതും ബീയർ കുപ്പികള്‍ കൊണ്ട് തന്നെ!

15 ലക്ഷത്തോളം ബീയർ കുപ്പികളാണ് ഈ ക്ഷേത്രം അടക്കമുള്ള കുപ്പി കെട്ടിടങ്ങളുടെ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഓരോ കുപ്പികളും കോണ്‍ക്രീറ്റ് മിശ്രിതം ഉപയോഗിച്ചാണ് പരസ്പരം ബന്ധിപ്പിച്ചു നിര്‍ത്തിയിരിക്കുന്നത്. മനോഹരമായ ഡിസൈനും വെയിലേല്‍ക്കുമ്പോള്‍ സവിശേഷ വര്‍ണപ്രകാശവുമെല്ലാം ബീയർ കുപ്പികള്‍ ഈ ബുദ്ധ ക്ഷേത്രത്തിന് നല്‍കുന്നു.
സ്വര്‍ണ വര്‍ണമാണ് പല ബുദ്ധ ക്ഷേത്രങ്ങളും പ്രതിഫലിപ്പിക്കുകയെങ്കില്‍ ഇവിടെ വെയിലേല്‍ക്കുമ്പോള്‍ ഹെനക്കന്‍ കുപ്പികളുടെ പച്ച നിറവും ചാങ് കുപ്പികളുടെ തവിട്ടു നിറവുമാവും പ്രതിഫലിക്കുകയും ക്ഷേത്രത്തില്‍ നിറയുകയും ചെയ്യുക.വാട് പാ മഹാ ചേഡി കൗവിന്റെ ചരിത്രം ആരംഭിക്കുന്നത് 1984ലാണ്. സമീപപ്രദേശങ്ങളില്‍ ചില്ലു മദ്യക്കുപ്പികള്‍ മൂലമുണ്ടാവുന്ന മാലിന്യം പെരുകി വരുന്നത് ചില ബുദ്ധ സന്ന്യാസിമാരുടെ ശ്രദ്ധയില്‍ പെട്ടു.
പ്രകൃതിയോട് ചേര്‍ന്നുകൊണ്ട് പരിസ്ഥിതിക്ക് പരമാവധി കോട്ടം തട്ടാതെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഈ ബുദ്ധ സന്ന്യാസിമാരാണ് ബീയർ കുപ്പി കൊണ്ട് ക്ഷേത്രം നിര്‍മിച്ചാലോ എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. അവിടുത്തെ ബുദ്ധ സന്ന്യാസിമാരില്‍ പ്രധാനിയുടെ നേതൃത്വത്തില്‍ അവര്‍ ഒരു ചലഞ്ച് നടത്തി. മതിലില്‍ 100 ബീര്‍ ബോട്ടിലുകള്‍ എന്നതായിരുന്നു ചലഞ്ച്. നാട്ടുകാരും കടക്കാരും കാലിയായ ബീയർ ബോട്ടിലുകള്‍ ശേഖരിച്ച് നല്‍കുന്നതിന് ഈ ചലഞ്ച് കാരണമായി.
ബീയർ കുപ്പികള്‍ വലിയ തോതില്‍ എത്തി തുടങ്ങിയതോടെ അത് ഉപയോഗിച്ച് നിര്‍മാണം തുടങ്ങി. ആദ്യം പ്രദേശത്തെ അനാഥമായി കിടന്ന ശ്മശാനമാണ് നിര്‍മിച്ചത്. ഇതിന്റെ നിര്‍മാണം രണ്ടു വര്‍ഷം കൊണ്ട് പൂര്‍ത്തിയായി. ഇന്ന് ഈ പ്രദേശത്ത് ക്ഷേത്രവും ശ്മശാനവും അടക്കം ഇരുപതോളം കെട്ടിടങ്ങള്‍ ചില്ലു കുപ്പികൊണ്ട് നിര്‍മിച്ചിട്ടുണ്ട്. ഇന്ന് ലോകമെങ്ങുമുള്ള വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രം കൂടിയാണ് വാട് പാ മഹാ ചേഡി കൗ ബുദ്ധ ക്ഷേത്രം.
വളരെ ലളിതമായ രീതിയില്‍ ആരംഭിച്ച ഒരു പരിസ്ഥിതി സംരക്ഷണ ദൗത്യം ഒരു നാടു തന്നെ ഏറ്റെടുത്തപ്പോഴുണ്ടായ മാറ്റമാണ് തായ്‌ലന്‍ഡില്‍ കാണാനാവുന്നത്. അപൂര്‍വ നിര്‍മിതി എന്നതുകൊണ്ടു മാത്രമല്ല, ആത്മീയത എങ്ങനെയാണ് പുതിയ കാലത്തെ വെല്ലുവിളികളെ മനോഹരമായി നേരിടുന്നതെന്ന് കാണാന്‍ കൂടിയാണ് സഞ്ചാരികള്‍ ഈ ബുദ്ധക്ഷേത്രത്തിലേക്ക് എത്തുന്നത്.
















