കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) രണ്ടാം സീസണിന് നാളെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ തുടക്കമാകും. ഉച്ചയ്ക്ക് 2.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഏരീസ് കൊല്ലം സെയിലേഴ്‌സ് കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെ നേരിടും. രണ്ടാം മത്സരത്തില്‍ അദാനി ട്രിവാന്‍ഡ്രം റോയല്‍സ് കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ നേരിടും, 7.30നാണ് മത്സരം. എല്ലാ ദിവസവും രണ്ട് മത്സരങ്ങളുണ്ട്. ട്രിവാൻഡ്രം റോയൽസ്, ഏരീസ് കൊല്ലം സെയിലേഴ്‌സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്, തൃശ്ശൂർ ടൈറ്റൻസ്, കൊച്ചി ബ്ളൂ ടൈഗേഴ്‌സ്, ആലപ്പി റിപ്പിൾസ് എന്നീ ആറ് ടീമുകളാണ് കെസിഎൽ രണ്ടാം എഡിഷനിലും ഏറ്റുമുട്ടുക.
ഓരോ ടീമും ലീഗ് റൗണ്ടിൽ രണ്ടുതവണ വീതം മത്സരിക്കും. ഫൈനലുൾപ്പെടെ 33 മത്സരങ്ങളാകും ഉണ്ടാവുക. എല്ലാ ദിവസവും ആദ്യ മത്സരം ഉച്ചയ്ക്ക് 2.30-നും രണ്ടാമത്തെ മത്സരം ഫ്ളഡ്‌ലിറ്റിൽ വൈകീട്ട് 6.45-നും നടക്കും. ഗ്രൂപ്പ് ഘട്ടത്തിലെ പോരാട്ടം സെപ്തംബര്‍ നാലിന് അവസാനിക്കും. രണ്ട് സെമി ഫൈനല്‍ മത്സരങ്ങളും5ന് നടക്കും. കിരീടപ്പോര് സെപ്തംബര്‍ ആറിന് 6.45ന് നടക്കും. ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണ്‍ കൊച്ചിക്ക് വേണ്ടിയാണ് ഇറങ്ങുന്നത്. കെസിഎല്ലില്‍ ഇന്ത്യന്‍ സഞ്ജുവിന്‍റെ അരങ്ങേറ്റ സീസണ്‍ കൂടിയാണിത്.
ക്രിക്കറ്റ് പ്രേമികള്‍ക്ക് സ്റ്റേഡിയത്തില്‍ നേരിട്ടെത്തി മത്സരം കാണാം. സ്റ്റേഡിയത്തില്‍ എത്താന്‍ സാധിക്കാത്തവര്‍ക്ക് മുഴുവൻ മത്സരങ്ങളും ഏഷ്യാനെറ്റ് പ്ലസ് വഴി വിദേശത്തും മലയാളം കമന്‍ററിയുടെ പശ്ചാത്തലത്തിൽ ടെലിവിഷനിലൂടെ ആസ്വദിക്കാം. സ്റ്റാർ സ്‌പോർട്‌സിലൂടെയും ഫാൻകോഡ് ആപ്പിലൂടെയും മത്സരങ്ങൾ കാണാം.
















