അവധിക്കാലം ചിലവഴിക്കാൻ പറ്റിയ ഇടമാണ് നോർവെ. പാതിരാ സൂര്യന്റെ നാട് കാണാൻ നിരവധി സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. ലോകത്തിലെ ഏറ്റവും ചെലവേറിയ രാജ്യമാണ് നോർവെ, എങ്കിലും യാത്രയോട് കമ്പമുള്ളവർ ഈ മനോഹര രാജ്യം ആസ്വദിക്കാനെത്തും. ഓസ്‌ലോ നാഷണൽ മ്യൂസിയം, മഞ്ച് മ്യൂസിയം, ദി റോയൽ പാലസ് തുടങ്ങി നിരവധി ഇടങ്ങളാണ് നോർവെയിൽ കാണാനുള്ളത്.
വേനൽക്കാലത്ത് 20 മണിക്കൂറിൽ കൂടുതൽ പകലായിരിക്കും ഇവിടെ. മനോഹരമായ പ്രകൃതിയാണ് വേനലിൽ അതിഥികളായെത്തുന്നവരെ കാത്തിരിക്കുന്നത്. ഇനി മഞ്ഞുകാലമാണെങ്കിൽ അതിലും മനോഹരമായിരിക്കും. വെള്ളച്ചാട്ടങ്ങൾക്കും പർവ്വതങ്ങൾക്കും പേരുകേട്ട നോർവേയുടെ ഓരോ ഡെസ്റ്റിനേഷനുകളും ഒന്നിനൊന്ന് മികച്ചതാണ്. ആകെ അമ്പതിനായിരം ആളുകൾ മാത്രമാണ് രാജ്യത്തുള്ളത്. നോർവേയിൽ ചുറ്റി സഞ്ചരിക്കാൻ നിരവധി മാർഗങ്ങളുണ്ട്. റെയിൽ, ക്രൂയിസ് കപ്പൽ, അല്ലെങ്കിൽ ക്യാംപർവാൻ എന്നിവയിലൂടെ സഞ്ചരിച്ച് കാഴ്ചകൾ കാണാം. വൈൽഡ് ക്യാംപിങ് അനുവദനീയമായതിനാൽ, എവിടെ വേണമെങ്കിലും വാഹനം പാർക്ക് ചെയ്ത് ഉറങ്ങാൻ കഴിയും. നോർവേയിലേക്കുള്ള യാത്രയ്ക്കിടെ ധാരാളം ക്യാംപർമാരെ കാണാൻ സാധിക്കും.
നോർവേയുടെ ജീവിത ചെലവ് പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളുടെ 72 ശതമാനത്തേക്കാൾ കൂടുതലാണ്, ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ 85 ശതമാനത്തേക്കാൾ ചെലവേറിയതാണ് ഒരു നോർവീജിയൻ ദിവസം. അതുകൊണ്ട് തന്നെ യാത്ര ചെയ്യുമ്പോൾ കൈ നിറയെ കാശുവേണമെന്നു സാരം.എന്തൊക്കെയാണ് നോർവെയുടെ തലസ്ഥാനമായ ഓസ്‌ലോയിലെ കാഴ്ചകളെന്നു നോക്കാം. നോർവീജിയൻ ആർട്ടിസ്റ്റായ എഡ്‌വേർഡ് മഞ്ചിനായി സമർപ്പിച്ചിരിക്കുന്ന അതിപ്രശസ്തമായ മ്യൂസിയമാണ് മഞ്ച് മ്യൂസിയം
. അദ്ദേഹത്തിന്റെ പെയിന്റിങ്ങുകൾ, ശേഖരങ്ങൾ എന്നിവയുടെ വളരെ വിപുലമായ ശേഖരം ഈ മ്യൂസിയത്തിലെത്തിയാൽ കാണുവാൻ കഴിയും. എഡ്‌വേർഡ് മഞ്ചിന്റെ ദി സ്ക്രീം, മഡോണ എന്നീ പ്രശസ്തമായ പെയിന്റിങ്ങുകളും ഈ മ്യൂസിയത്തിലെ പ്രധാന കാഴ്ചയാണ്. ഇവ കൂടാതെ ഇടയ്ക്കിടെ പ്രദർശനങ്ങളും വിദ്യാർഥികൾക്കായി പല തരത്തിലുള്ള പരിപാടികളും ഈ മ്യൂസിയത്തിൽ നടക്കാറുണ്ട്. ബരോക്ക് വാസ്തുവിദ്യയുടെ മനോഹരമായ ഉദാഹരണങ്ങളിൽ ഒന്നാണ് ഓസ്‌ലോ ദേവാലയം. 1697 ലായിരുന്നു ഇതിന്റെ നിർമാണം. നഗരത്തിലെ പ്രധാനപ്പെട്ട ആരാധനാലയമാണിത്.
അതിവിശാലവും മനോഹരവുമായ അകത്തളങ്ങൾക്ക് മോടിക്കൂട്ടിയിരിക്കുന്നത് തടി ഉപയോഗിച്ചാണ്. വർഷത്തിലെ മുഴുവൻ സമയത്തും പലതരത്തിലുള്ള കൺസേർട്ടുകളും ഇവന്റുകളും ഈ ദേവാലയത്തിൽ നടക്കാറുണ്ട്.നോർവീജിയൻ രാജാവിന്റെ കൊട്ടാരവും ഓസ്‌ലോ നഗരത്തിലെത്തുന്ന സഞ്ചാരികളിൽ അദ്ഭുതം നിറയ്ക്കുന്ന ഒരു സുന്ദര കാഴ്ചയാണ്.
രാജാവിന്റെ ഔദ്യോഗിക വസതിയായ ദി റോയൽ പാലസ് സന്ദർശിക്കാൻ രാജ്യത്തിലെത്തുന്ന സഞ്ചാരികൾക്കും അനുമതിയുണ്ട്. പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന ഈ കൊട്ടാരത്തിന്റെ അകത്തളങ്ങൾ മാത്രമല്ല, പുറം കാഴ്ചകളും സന്ദർശകരിൽ വിസ്മയം ജനിപ്പിക്കും. കൊട്ടാരത്തിന് പുറത്ത് സജീകരിച്ചിരിക്കുന്ന ഉദ്യാനവും അതിമനോഹരമാണ്. ദിവസവും ഉച്ചയ്ക്ക് 1.30 നു നടക്കുന്ന ഗാർഡ് സെറിമണിയാണ് അതിഥികൾക്ക് ആസ്വദിക്കാൻ കഴിയുന്ന കൊട്ടാരത്തിലെ മറ്റൊരു കാഴ്ച. നോർവെയിലെ ഏറ്റവും വലിയ കലാസൃഷ്ടികളുടെ ശേഖരമുള്ളയിടമാണ് ഓസ്‌ലോ നാഷണൽ മ്യൂസിയം. ധാരാളം പെയിന്റിങ്ങുകൾ, പലതരത്തിലുള്ള ശില്പങ്ങൾ തുടങ്ങി രാജ്യത്തിന്റെ സാംസ്‌കാരിക കാഴ്ചകളുടെ ഒരു വലിയ ശേഖരം തന്നെ ഇവിടെ കാണുവാൻ കഴിയും.
സന്ദർശകർക്കായി ഇവിടെ നടത്തപ്പെടുന്ന പ്രദർശനങ്ങളും വേറിട്ട ഒരു അനുഭവം തന്നെയായിരിക്കും.ലോക നിലവാരമുള്ള പെർഫോമൻസുകളും ഇവന്റുകളും നടക്കുന്ന ഓസ്‌ലോ ഒപേറ ഹൗസും രാജ്യത്തിലെത്തുന്ന അതിഥികൾക്ക് ഒരു അദ്ഭുത കാഴ്ചയാണ്. ആർക്കിടെക്ചറൽ മാസ്റ്റർപീസ് എന്നുതന്നെ വിശേഷിപ്പിക്കാൻ കഴിയുന്ന ഒരു നിർമിതിയാണിത്.
സന്ദർശകർക്ക് ഇവിടുത്തെ പെർഫോമൻസുകൾ ആസ്വദിക്കുക എന്നതിനപ്പുറത്തേയ്ക്ക് ഏറെ വ്യത്യസ്തമായ ഈ ഒപേറാ ഹൗസിന്റെ നിർമാണ വൈദഗ്ധ്യവും ഓസ്‌ലോ നഗരത്തിന്റെ കാഴ്ചകളും ഇതിനു മുകളിൽ നിന്നാൽ കാണുവാൻ കഴിയും.ഓസ്‌ലോയിലെ ഏറ്റവും വലിയ പാർക്കാണ് ഫ്രോഗ്നെർപാർക്കൻ. ഏത് തലമുറയിലുള്ളവരെയും തൃപ്തിപ്പെടുത്താൻ തക്ക കാഴ്ചകളും ശില്പങ്ങളും ഇവിടെയുണ്ട്. വിവിധ തരത്തിലുള്ള വിനോദങ്ങളിൽ ഏർപ്പെട്ടും മനോഹരമായ ഉദ്യാന കാഴ്ചകൾ ആസ്വദിച്ചും പല തരത്തിലുള്ള ശില്പങ്ങളുടെ ചാരുതയിലലിഞ്ഞും ഇവിടെ സമയം ചെലവഴിക്കാവുന്നതാണ്. ദി ഫ്രാം മ്യൂസിയം, ദി നോർവീജിയൻ മ്യൂസിയം ഓഫ് കൾചറൽ ഹിസ്റ്ററി, ആകെർഷസ് കോട്ട എന്നിങ്ങനെ കാഴ്ചകൾ നിരവധിയുണ്ട് ഓസ്‌ലോയിൽ. ഒരു സന്ദർശകനും ഒരിക്കലും മറക്കാൻ കഴിയാത്തത്രയും സുന്ദരമായ കാഴ്ചകൾ സമ്മാനിക്കും ഈ നഗരം.
















