ഒരു ഇടവേളയ്‌ക്ക് ശേഷം വീണ്ടും ആകാശം തെളിയുന്നു. ഇനി ഏഴു ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സാധാരണ മഴയ്ക്ക് മാത്രമാണ് സാധ്യതയെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. മുന്നറിയിപ്പുകൾ ഒന്നും നിലവിൽ നൽകിയിട്ടില്ലെന്നും ശക്തമായ മഴയ്ക്കോ കാറ്റിനോ സാധ്യത ഇല്ലെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മേധാവി നീത കെ ഗോപാൽ ഇടിവി ഭാരതിനോട് പറഞ്ഞു.
മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദേശങ്ങൾ ഒന്നും നൽകിയിട്ടില്ലെന്നും നിലവിൽ കേരളത്തെ ബാധിക്കുന്ന ന്യൂന മർദ സാധ്യതകൾ ഇല്ലെന്നും നീത പറഞ്ഞു. ഇന്ന് മുതൽ ഒരു ജില്ലയിലും മഴ മുന്നറിപ്പ് നൽകിയിട്ടില്ല. എന്നാൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടവിട്ടുള്ള സാധാരണ മഴ പ്രതീക്ഷിക്കുന്നുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂന മർദം ദുർബലമായി. കഴിഞ്ഞ ദിവസങ്ങളിൽ ഒന്നിന് പിന്നാലെ ഒന്നായി രണ്ടു ന്യൂനമർദങ്ങൾ രൂപപ്പെട്ടതുകൊണ്ടാണ് കേരളത്തിൽ തുടർച്ചയായി മഴ ലഭിച്ചത്. ഇതിൻ്റെ ഫലമായി കാസർകോട് മുതൽ തിരുവനന്തപുരം വരെ മഴ ലഭിച്ചിരുന്നു.
















