വിഖ്യാത അമേരിക്കന്‍ ഫിലിംമേക്കര്‍ പോള്‍ തോമസ് ആന്‍ഡേഴ്‌സണ്‍, ലിയോണാര്‍ഡോ ഡികാപ്രിയോയെ നായകനാക്കി ഒരുക്കുന്ന ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍’ (One Battle After Another ) എന്ന ചിത്രത്തിന്റെ റിലീസിങ്ങ് തിയ്യതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 26 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ആക്ഷന്‍ ത്രില്ലര്‍ ജോണറിലാണ് ചിത്രമെത്തുന്നത്. സിനിമയുടെ തിരക്കഥയും നിര്‍മ്മാണവും പോള്‍ തോമസ് ആന്‍ഡേഴ്‌സണ്‍ തന്നെയാണ്. ഷോണ്‍ പെന്‍, ബെനീസിയോ ഡെല്‍ ടോറോ, റെജീന ഹാള്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങള്‍.
It’s one battle after another from here on out. #OneBattleAfterAnother only in theaters September 26 pic.twitter.com/yG8cy2gVTB
— One Battle After Another (@onebattlemovie) August 19, 2025
ബൂഗി നൈറ്റ്‌സ്, മാഗ്നോളിയ, ദേര്‍ വില്‍ ബി ബ്ലഡ്, ദി മാസ്റ്റര്‍, ഫാന്റം ത്രെഡ് തുടങ്ങീ പ്രേക്ഷക- നിരൂപക പ്രശംസകള്‍ ഏറ്റുവാങ്ങിയ മികച്ച ചിത്രങ്ങള്‍ ലോകസിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ് പോള്‍ തോമസ് ആന്‍ഡേഴ്‌സണ്‍. അതുകൊണ്ടുതന്നെ ഡികാപ്രിയോയുമായി പോള്‍ തോമസ് ആന്‍ഡേഴ്‌സണ്‍ ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് ലോകസിനിമാ പ്രേമികള്‍ ചിത്രത്തെ നോക്കികാണുന്നത്.
മാര്‍ട്ടിന്‍ സ്‌കോര്‍സെസെ സംവിധാനം ചെയ്ത ‘കില്ലേഴ്‌സ് ഓഫ് ദി ഫ്‌ലവര്‍ മൂണ്‍’ എന്ന ചിത്രത്തിന് ശേഷം ഡികാപ്രിയോ നായകനായെത്തുന്ന ചിത്രം കൂടിയാണ് വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍. അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം 115 മില്യണ്‍ ഡോളര്‍ ആണ് ചിത്രത്തിന്റെ ആകെ ബഡ്ജറ്റ്. ഐ മാക്‌സില്‍ റിലീസ് ചെയ്യുന്ന പോള്‍ തോമസ് ആന്‍ഡേഴ്‌സന്റെ ആദ്യ ചിത്രം കൂടിയാണ് വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍. കഴിഞ്ഞ മാസം പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. 1990 ല്‍ പുറത്തിറങ്ങിയ തോമസ് പിഞ്ചോണിന്റെ വൈന്‍ലാന്റ് എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നതെന്ന് നേരത്തെ വെറൈറ്റി മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
















