പുതിയ അധ്യയന വർഷത്തിലെ അർധവാർഷിക പരീക്ഷ റദ്ദാക്കി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാർഥികളിലെ സമ്മർദം കുറയ്ക്കുന്നതിന്റെയും മൂല്യനിർണയ രീതികൾ നവീകരിക്കുന്നതിന്റെയും ഭാഗമായാണ് വിദ്യാഭ്യാസ മന്ത്രാലയം രണ്ടാം ടേം പരീക്ഷ റദ്ദാക്കിയത്. ആദ്യ ഘട്ടത്തിൽ സർക്കാർ സ്കൂളുകളിൽ നടപ്പാക്കുന്ന പദ്ധതി പിന്നീട് സ്വകാര്യ സ്കൂളുകളിലേക്കും വ്യാപിപ്പിക്കും.
വിദ്യാർഥികളുടെ പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങളിലും ഇതര കഴിവുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണിത് നടപ്പാക്കുക. 5 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് പുതിയ നയം ബാധകമാകുക. എല്ലാ ഗ്രേഡുകളിലും പുതിയ മൂല്യനിർണയ രീതി ആരംഭിക്കുമെന്നും, ഇത് വിദ്യാർഥികളുടെ ശരിയായ കഴിവുകൾ മനസ്സിലാക്കാൻ സഹായിക്കുന്ന മികച്ച രീതിയാണെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യത്തെ ജനസംഖ്യ വളർച്ചയെ ഉൾകൊള്ളാനും ഏറ്റവും ആധുനികവും നൂതനവുമായ പഠനാന്തരീക്ഷം സജീകരിക്കാനുമാണ് സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. എല്ലാ ഗ്രേഡുകളിലും മന്ത്രാലയം പുതിയ മൂല്യനിർണയ സംവിധാനങ്ങൾ അവതരിപ്പിച്ചെന്നും വിദ്യാർഥികളുടെ യഥാർഥ കഴിവുകൾ പരിപോഷിപ്പിക്കാനും നിരന്തര മൂല്യനിർണയത്തിലൂടെ കണ്ടെത്തുന്ന പോരായ്മകൾ പരിഹരിച്ച് മികച്ച തലമുറ സൃഷ്ടിക്കാനുമാണ് ശ്രമമെന്നും വിദ്യാഭ്യാസ മന്ത്രി സാറാ അൽ അമീരി പറഞ്ഞു. കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിലബസിൽ ഉൾപ്പെടുത്തിയുള്ള പുതിയ അധ്യയന വർഷത്തിനാണ് തിങ്കളാഴ്ച തുടക്കമാകുക.
STORY HIGHLIGHT: uae cancels second term exam
















