കണ്ണൂര്‍: കണ്ണൂരിൽ യുവാവ് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച യുവതി മരിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവയൊണ് 31 കാരിയായ പ്രവീണ മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു യുവാവ് പ്രവീണയ്ക്കെതിരെ ആക്രമണം നടത്തിയ്ത്. പ്രവീണ താമസിക്കുന്ന വീട്ടിലേക്ക് എത്തി പെരുവളത്തുപറമ്പ് കുട്ടാവ് സ്വദേശി ജിജേഷാണ് തീ കൊളുത്തിയത്. ആക്രമണത്തിനിടെ ജിജേഷിനും പൊള്ളലേറ്റിരുന്നു. ജിജേഷിനെതിരെ വധശ്രമത്തിന് കേസെടുത്തു.
പ്രവീണ താമസിക്കുന്ന വാടകവീട്ടിൽ ഇന്നലെ ഉച്ചയ്ക്കു 2.20 ഓടെയാണ് ജിജേഷ് എത്തിയത്. വെള്ളം ആവശ്യപ്പെട്ടെത്തിയ ജിജേഷ് വീടിനുള്ളിലേക്കു കയറുകയായിരുന്നു. പിന്നീടു നിലവിളി കേട്ടെത്തിയ അയൽവാസികളാണ് ഇരുവരെയും പൊള്ളലേറ്റ നിലയിൽ അടുക്കളഭാഗത്തു കണ്ടെത്തിയത്. ഇരുവരും പരിചയക്കാരാണെന്നും വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നു കരുതുന്നതായും പൊലീസ് പറഞ്ഞു. പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
















