ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്ന് അവസാനിക്കും. ബിഹാറിലെ വോട്ടര്‍ പട്ടികാ പരിഷ്‌കരണം മുതല്‍ ഇന്നലെ ലോക്‌സഭ അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി ബില്ല് വരെയുള്ള വിഷയങ്ങളില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധമാണ് സമ്മേളന കാലയളവില്‍ നടന്നത്. ഇന്നും സഭയില്‍ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ തീരുമാനം. 130 ആം ഭരണഘടന ഭേദഗതി ബിൽ ഉൾപ്പെടെ മൂന്ന് സുപ്രധാന ബില്ലുകൾ ഇന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിക്കും. ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയെ അഭിനന്ദിച്ചുകൊണ്ടുള്ള പ്രത്യേക ചർച്ച ലോക്സഭയിൽ ഇന്നും നടക്കും.
ജയിലിലായാല്‍ മന്ത്രിമാര്‍ക്ക് പദവി നഷ്ടമാകുന്ന ഭരണഘടനയുടെ 130 ആം ഭേദഗതി ബില്‍ ലോക്‌സഭയില്‍ ഇന്നലെ കേന്ദ്രം അവതരിപ്പിച്ചിരുന്നു. ബില്ലിനെ പ്രതിപക്ഷം ശക്തമായി എതിര്‍ക്കുന്നതിനിടെയായിരുന്നു നാടകീയ നീക്കത്തിലൂടെ വിവാദ ബില്‍ അവതരണം. ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടുന്നതായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. വോട്ടർ പട്ടിക ക്രമക്കേടും, മന്ത്രിമാരെ അയോഗ്യരാക്കുന്ന ബില്ലും ഉയർത്തി പ്രതിപക്ഷം ഇന്നും പ്രതിഷേധിക്കും.
















