തിരുവനന്തപുരം: യുവരാഷ്ട്രീയ നേതാവിനെതിരായ വെളിപ്പെടുത്തലിൽ ഉറച്ച് നിൽക്കുന്നതായി നടി റിനി ആൻ ജോർജ്. ഇപ്പോൾ പേര് വെളിപ്പെടുത്താൻ തയാറല്ലെന്നും ആ നേതാവ് ക്രിമിനൽ ബുദ്ധിയുള്ളയാളാണെന്നും റിനി പറഞ്ഞു. തനിക്കെതിരെ നില്‍ക്കുന്നത് വന്‍ ശക്തികളാണ്. സമാന അനുഭവം നേരിട്ട പരലും തന്നെ ബന്ധപ്പെട്ടു. മാധ്യമശ്രദ്ധയ്ക്ക് വേണ്ടി ആരോപണം ഉന്നയിക്കുന്നതല്ല, എത്ര ആക്രമിച്ചാലും ഈ വ്യക്തി രക്ഷപ്പെടില്ല. എതിരെ നില്‍ക്കുന്നത് വന്‍ ശക്തികളാണ്. ഇതൊന്നും ഒരു തിരഞ്ഞെടുപ്പ് ഗിമ്മിക്കല്ല. ആലോചിച്ച് മാത്രമേ തീരുമാനമെടുക്കൂ എന്നാണ് റിനിയുടെ പ്രതികരണം.
ഇതിനുപിന്നാലെ വ്യാപക സൈബർ ആക്രമണമാണ് ഇപ്പോൾ റിനിക്കെതിരെ വരുന്നത്. വെറുതെ ആരോപണമുന്നയിക്കാതെ ധൈര്യമുണ്ടെങ്കിൽ നേതാവിന്റെ പേര് പറയണം എന്ന തരത്തിലാണ് പല കമന്റുകളും. എന്നാൽ എടുത്തുചാടി പേരുവിവരങ്ങൾ പുറത്തുപറഞ്ഞാൽ സൈബറിടങ്ങളിൽ കമന്റ് ചെയ്യുന്നവർ തനിക്ക് സംരക്ഷണമൊരുക്കുമോ എന്ന് റിനി ചോദിച്ചു. എന്നാൽ ഭയമില്ലെന്നും ശക്തമായി മുന്നോട്ട് പോകുമെന്നും റിനി പറഞ്ഞു.
അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും ശരിയല്ലെന്ന് പറഞ്ഞിട്ടും വീണ്ടും തുടര്‍ന്നുവെന്നുമാണ് യുവനേതാവിനെതിരെ പുതുമുഖ നടി റിനി ആൻ ജോര്‍ജ് ഇന്നലെ വെളിപ്പെടുത്തല്‍ നടത്തിയത്. നേതാവിന്‍റെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും ആ വ്യക്തി ഉൾപ്പെട്ട പ്രസ്ഥാനത്തിലുള്ള പലരുമായും നല്ല ബന്ധമാണെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞു. സോഷ്യൽ മീഡിയ വഴിയാണ് ഇയാളുമായി പരിചയമുള്ളത്.
തുടക്കം മുതൽ മോശം മെസേജുകൾ അയച്ചു. ഇത് ശരിയല്ലെന്ന് പറഞ്ഞിട്ടും അയാൾ അത് തുടർന്നു. മൂന്നര വർഷം മുൻപാണ് ആദ്യമായി മെസേജ് അയച്ചത്. അതിനുശേഷമാണ് അയാൾ ജനപ്രതിനിധിയായത്. അയാൾ കാരണം മറ്റു ബുദ്ധിമുട്ടുകൾ ഇല്ലാത്തത് കൊണ്ടാണ് പരാതിയുമായി മുന്നോട്ട് പോകാത്തത്. പരാതിയുള്ളവർ അതുമായി മുന്നോട്ടു പോകട്ടെയെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞു. ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും യുവ നടി വെളിപ്പെടുത്തി.
ഇയാളെ പറ്റി പാർട്ടിയിലെ പല നേതാക്കളോടും പറഞ്ഞിരുന്നു. നേതൃത്വത്തോട് പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ പോയി പറയുവെന്നായിരുന്നു മറുപടി. ഇത്തരത്തിലുള്ള ആളുകളെ ഇനിയും സ്ഥാനങ്ങളിൽ എത്തിക്കരുതെന്ന് മാത്രം പറയുകയാണെന്നും റിനി ആൻ ജോര്‍ജ് ഇന്നലെ പറഞ്ഞു. നേതാവിന്‍റെ പേരോ ഏത് പ്രസ്ഥാനമാണെന്നോ വെളിപ്പെടുത്താൻ തയ്യാറല്ല. ഇയാളെപ്പറ്റി പരാതിയുള്ളവര്‍ അതുമായി മുന്നോട്ടു പോകട്ടെ. ‘ഹു കെയേഴ്സ്’ എന്നാണ് നേതാവിന്റെ മനോഭാവം എന്നും, ഇപ്പോൾ പേര് വെളിപ്പെടുത്തുന്നില്ലെങ്കിലും ഇനി അക്കാര്യം ആലോചിക്കുമെന്നും റിനി മാധ്യമങ്ങളോട് പറഞ്ഞു.
















