ദോഹ മെട്രോയിലും ലുസെയ്ൽ ട്രാമിലും യാത്ര ചെയ്യാൻ 365 ദിവസം കാലാവധിയുള്ള പുതിയ മെട്രോപാസ് ഖത്തർ റെയിൽ പുറത്തിറക്കി. 990 റിയാൽ നിരക്കിൽ ലഭ്യമാകുന്ന ഈ വാർഷിക പാസ് ഉപയോഗിച്ച് ദോഹ മെട്രോയിലും ലുസൈൽ ട്രാമിലും 365 ദിവസ കാലയളവിൽ പരിധിയില്ലാതെ യാത്ര ചെയ്യാൻ കഴിയും.
കമ്പനിയുടെ ഏർലി ബേർഡ് പ്രമോഷന്റെ ഭാഗമായാണ് ഈ ഓഫർ എത്തിയിരിക്കുന്നത്. ഖത്തറിലെ സ്കൂൾ സാമഗ്രികൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളുമായി സഹകരിച്ച് ഖത്തർ റെയിൽ സംഘടിപ്പിക്കുന്ന രണ്ടാമത് ‘ബാക്ക് ടു സ്കൂൾ’ പരിപാടിയോടനുബന്ധിച്ചാണ് പുതിയ മെട്രോപാസ് പുറത്തിറക്കിയത്.
അതേസമയം ദോഹ മെട്രോയുടെ ഗോൾഡ് ലൈനിലെ സ്പോർട് സിറ്റി സ്റ്റേഷനിലാണ് സെപ്റ്റംബർ രണ്ടുവരെ തുടരുന്ന ‘ബാക്ക് ടു സ്കൂൾ’ പരിപാടി നടക്കുന്നത്. പ്രവർത്തി ദിവസങ്ങളിൽ വൈകിട്ട് നാല് മുതൽ രാത്രി എട്ട് വരെയും വാരാന്ത്യങ്ങളിൽ രാത്രി ഒമ്പത് വരെയുമാണ് ‘ബാക്ക് ടു സ്കൂൾ ഇവന്റ്’ നടക്കുക.
ഇവന്‍റിലേക്ക് എത്തുന്ന സന്ദർശകർക്ക് പ്രത്യേക ഏർളി ബേർഡ് പ്രമോഷൻ ഓഫറിന്റെ ഭാഗമായി മെട്രോ പാസ് 20 ശതമാനം ഇളവോട് കൂടി നേരത്തെ ബുക്ക് ചെയ്യാം. ആഗസ്റ്റ് 31 വരെ പരിപാടി നടക്കുന്ന സ്ഥലത്ത് നിന്ന് മാത്രമായിരിക്കും ഏർളി ബേർഡ് വൗച്ചറുകൾ ലഭിക്കുക.
സെപ്റ്റംബർ ഒന്നിനും 30 നും ഇടയിൽ ഏതെങ്കിലും ദോഹ മെട്രോ ഗോൾഡ് ക്ലബ് ഓഫീസിൽ നിന്നോ ലുസെയ്ൽ ട്രാം ടിക്കറ്റിങ് ഓഫീസിൽ നിന്നോ ഒറിജിനൽ വൗച്ചർ കാണിച്ച് മെട്രോ പാസിൽ ഇളവ് സ്വന്തമാക്കാം.
















