ഗൂഗിൾ പിക്സൽ 10 സ്മാർട്ട്‌ഫോൺ പരമ്പര ആഗോളതലത്തിലും ഇന്ത്യയിലും പുറത്തിറങ്ങി. പിക്‌സല്‍ 10, പിക്‌സല്‍ 10 പ്രോ, പിക്‌സല്‍ 10 പ്രോ എക്‌സ്എല്‍, പിക്‌സല്‍ 10 പ്രോ ഫോള്‍ഡ് എന്നിവയാണ് ഗൂഗിളിന്‍റെ പത്താം തലമുറ ഫോണ്‍ ശ്രേണിയിലുള്ളത്.
ഇതില്‍ ഗൂഗിള്‍ പിക്‌സല്‍ 10 ബേസ് മോഡല്‍ ഒഴികെയുള്ളവയെല്ലാം ഒരു വര്‍ഷത്തേക്ക് ഗൂഗിള്‍ എഐ പ്രോ സൗജന്യ പ്ലാന്‍ സഹിതമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ എഐ പ്ലാനിന് 23,400 രൂപ വിലയുണ്ട് എന്നാണ് ഗൂഗിള്‍ അറിയിച്ചിരിക്കുന്നത്.
ബേസ് മോഡലില്‍ ആദ്യമായി ട്രിപ്പിള്‍ റിയര്‍ ക്യാമറ, പ്രോ മോഡലുകളില്‍ കൂടുതല്‍ വലിയ ബാറ്ററി, എല്ലാ മോഡലുകളിലും പുത്തന്‍ ചിപ്പ്, വയര്‍ലെസ് ചാര്‍ജിംഗ് സൗകര്യം എന്നിവയാണ് ഗൂഗിള്‍ പിക്‌സല്‍ 10 സീരീസിന്‍റെ പ്രത്യേകത.
പത്താം തലമുറ പിക്‌സല്‍ ഫോണുകള്‍ ഗൂഗിള്‍ തന്നെ വികസിപ്പിച്ച ടെന്‍സര്‍ ജി5 3nm പ്രൊസസ്സറിലുള്ളതാണ്. പിക്‌സല്‍ 10 സീരീസിലെ എല്ലാ ഫോണുകളും ആന്‍ഡ്രോയ്‌ഡ് 16 പ്ലാറ്റ്‌ഫോമിലാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാ ഹാന്‍ഡ്‌സെറ്റുകള്‍ക്കും ഏഴ് വര്‍ഷത്തെ ഒഎസ് അപ്‌ഡേറ്റും സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഗൂഗിള്‍ നല്‍കുന്നു.
പിക്‌സല്‍ 10 സീരീസില്‍ പിക്‌സല്‍ സ്റ്റുഡിയോ, ഓട്ടോ ഫ്രെയിം, സ്കൈ സ്റ്റൈല്‍സ്, റീസൈസ്, പോട്രൈറ്റ് ബ്ലര്‍, മാജിക് എറേസര്‍, സൂം എന്‍ഹാന്‍സ് തുടങ്ങി അനേകം എഐ ഫീച്ചറുകള്‍ ഈ ഫോണുകളിലുണ്ട്.
















