പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിൽ എംഎല്‍എയ്‌ക്കെതിരായ ആരോപണത്തിൽ സിപിഎം അല്ല മറുപടി പറയേണ്ടതെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി എൻ.സുരേഷ് ബാബു പറഞ്ഞു. ആത്മാഭിമാനമുള്ള പ്രസ്ഥാനമാണെങ്കിൽ സംഘടനാപരമായെങ്കിലും നടപടിയെടുക്കേണ്ടേ, സിപിഎമ്മിന്റെയോ ഡിവൈഎഫ്ഐയുടെയോ യൂണിറ്റ് സെക്രട്ടറിയാണെങ്കിൽ നിങ്ങൾ രാത്രി മുഴുവൻ ചർച്ച നടത്തുമല്ലോ എന്നും സുരേഷ് ബാബു പറഞ്ഞു.
യുവനേതാവ് സ്ഥിരം ആരോപണവിധേയനെന്ന് സുരേഷ് ബാബു പറഞ്ഞു. നേതാവിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സുരേഷ് ബാബു പറഞ്ഞു. ‘‘ഇയാൾ രാഷ്ട്രീയത്തിൽ വന്നയുടനെ എന്തൊക്കെ ആരോപണങ്ങളാണ് വന്നത്? വ്യാജൻ, ഞങ്ങളുണ്ടാക്കിയതാണോ വ്യാജൻ? ഇപ്പോ കോഴി എന്നായി അല്ലേ. എന്നാണ് ജനം വിളിക്കുന്നതെന്നാണ് പറയുന്നത്. എനിക്കറിയില്ല. വ്യാജൻ, കോഴി എന്ന് കേരളമാകെ ചർച്ച ചെയ്യുമ്പോൾ കോൺഗ്രസിന് എന്തെങ്കിലും നാണവും മാനവുമുള്ള പ്രസ്ഥാനമാണെങ്കിൽ, ആത്മാഭിമാനമുള്ള പ്രസ്ഥാനമാണെങ്കിൽ സംഘടനാപരമായെങ്കിലും നടപടിയെടുക്കേണ്ടേ. സിപിഎമ്മിന്റെയോ ഡിവൈഎഫ്ഐയുടെയോ യൂണിറ്റ് സെക്രട്ടറിയാണെങ്കിൽ നിങ്ങൾ രാത്രി മുഴുവൻ ചർച്ച നടത്തുമല്ലോ.’’– സുരേഷ് ബാബു പറഞ്ഞു.
അതേസമയം, സമൂഹമാധ്യമങ്ങളിലൂടെയുള്ള വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷപദവി രാഹുൽ മാങ്കൂട്ടത്തിൽ രാജിവയ്ക്കും. ഇതുസംബന്ധിച്ച നിർദേശം ഹൈക്കമാൻഡ് രാഹുലിന് നൽകിയതായാണ് വിവരം. രാഹുലിനെ മാറ്റുന്നത് സംബന്ധിച്ച ചർച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഇന്ന് രാവിലെ ടെലിഫോണിൽ നടത്തിയിരുന്നു. മുതിർന്ന നേതാക്കളുമായി കൂടുതൽ ചർച്ച നടത്തിയ ശേഷമാണ് രാഹുലിനോട് രാജി ചോദിച്ചുവാങ്ങാൻ തീരുമാനിച്ചത്.
















