കൊച്ചി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ശബ്ദ സംഭാഷണം പുറത്ത്. രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗർഭച്ഛിദ്രത്തിന് സമ്മര്‍ദ്ദം ചെലുത്തുന്ന ശബ്ദ സംഭാഷണത്തിന്റെ പ്രസക്തഭാഗമാണ് പുറത്തായത്. സ്വകാര്യത മാനിച്ച് ഫോണ്‍ സംഭാഷണത്തില്‍ യുവതിയുടെ ശബ്ദം എഡിറ്റ് ചെയ്താണ് പുറത്തായത്.
യുവ രാഷ്ട്രീയ നേതാവില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്നാണ് മാധ്യമ പ്രവര്‍ത്തകയും അഭിനേതാവുമായ റിനി ആന്‍ ജോര്‍ജ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും മോശം സമീപനം ഉണ്ടായെന്നുമായിരുന്നു വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെ ഹണി ഭാസ്കകറും യുവ നേതാവിനെതിരെ രംഗത്തെത്തിയിരുന്നു. പേരുപറയാതെയായിരുന്നു വിമര്‍ശനം. അതിനിടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ഒരു യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവരുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സോഷ്യൽ മീഡിയയിലൂടെ നടത്തിയ അശ്ലീല ചാറ്റും പുറത്ത് വന്നിട്ടുണ്ട്.
നേതാവിനെതിരെ ഗുരുതര ആരോപണങ്ങൾ ശക്തമായതോടെ രാജി സമ്മർദവും ശക്തമാവുകയാണ്. ആരോപണം എഐസിസി പരിശോധിക്കുകയാണ്. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോട് ഹൈക്കമാന്‍ഡ് വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്.
















