തിരുവനന്തപുരം: നടി റിനി ആന്‍ ജോര്‍ജ് തനിക്ക് മുന്നില്‍ പരാതിയുമായി എത്തിയിരുന്നുവെന്ന് സ്ഥിരീകരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. എന്നാല്‍ ആ പരാതി അത്ര ഗൗരവമുള്ളതായിരുന്നില്ലെന്നും മെസേജ് അയച്ച വിഷയമായിരുന്നുവെന്നും സതീശന്‍ പറഞ്ഞു.ഗൗരവമുള്ള പരാതി ഇപ്പോഴാണ് വന്നത്. പരാതി പാർട്ടി പരിശോധിക്കും. നടപടിക്ക് മുൻകൈയെടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
‘ഒരു തെറ്റായ മെസേജ് അയച്ചുവെന്ന് മകളെ പോലുള്ള ഒരു കുട്ടി വന്ന് പറഞ്ഞാല്‍, ഒരു പിതാവ് എന്ത് ചെയ്യും, അത് ഞാന്‍ ചെയ്തിട്ടുണ്ട്. മെസേജ് അയച്ചാല്‍ തൂക്കി കൊല്ലാന്‍ പറ്റില്ലല്ലോ. പക്ഷേ ഉയര്‍ന്നുവന്ന ആരോപണം പാര്‍ട്ടി ഗൗരവമായി പരിശോധിക്കും’ സതീശന്‍ പറഞ്ഞു.
എന്നാല്‍ മെസേജ് അയച്ച പരാതിയില്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് പറയാന്‍ സതീശന്‍ തയ്യാറായില്ല.ഗൗരവമുള്ള പരാതി കിട്ടിയാലെ ഗൗരവമായി ഇടപെടാന്‍ കഴിയൂ. രാഷ്ട്രീയ രംഗത്തുള്ള പലരെ കുറിച്ചും പലരീതിയില്‍ ആളുകള്‍ പരാതി പറയും. നേതൃത്വത്തിന് മുന്നില്‍ ഇതുവരെ അത്തരത്തിലുള്ള ഗൗരവമുള്ള പരാതി ലഭിച്ചിട്ടില്ല.
ഇപ്പോള്‍ ഉയര്‍ന്ന ആരോപണത്തില്‍ പാര്‍ട്ടി കോടതി ആകില്ല. സംഘടനാപരമായ നടപടി മാത്രമാണ് എടുക്കുക. രാഹുല്‍ മാങ്കൂട്ടത്തിലില്‍നിന്ന് വിശദീകരണം തേടിയശേഷം നടപടിയുണ്ടാകുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.രാഹുലിനെതിരെ ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയെകൊണ്ട് തനിക്കെതിരെയും പരാമര്‍ശങ്ങള്‍ നടത്താന്‍ ചിലര്‍ ശ്രമം നടത്തിയെന്നും സതീശന്‍ ആരോപിച്ചു.
















