കൊച്ചി: രാഹുൽ മാങ്കൂട്ടത്തിനെതിരേയുള്ള ആരോപണങ്ങളിൽ പ്രതികരിക്കാതെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. മാ ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വെയിറ്റ് ആൻഡ് സീ എന്ന് മാത്രമാണ് സണ്ണി ജോസഫ് പ്രതികരിച്ചത്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ വ്യക്തത വന്നാൽ നടപടിയുണ്ടാകുമെന്ന് പാലക്കാട് ഡിസിസി അധ്യക്ഷൻ എ.തങ്കപ്പൻ പറഞ്ഞു. പാർട്ടി ആരേയും സംരക്ഷിക്കില്ല. ആരുടെയും പേര് പറയാതെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. അതിൽ വ്യക്തത വരണം. ആവശ്യമായ നടപടികൾ പാർട്ടി സംസ്ഥാന അധ്യക്ഷനും പ്രതിപക്ഷ നേതാവും ഉൾപ്പടെയുള്ളവർ സ്വീകരിക്കുമെന്നും തങ്കപ്പൻ പറഞ്ഞു. ആരോപണങ്ങളിൽ ഇനിയും വ്യക്തത വരാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, പാർട്ടി ഗ്രൂപ്പുകളിൽ രാഹുൽ മാങ്കൂട്ടത്തിൽ മറുപടി പറയണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എഐസിസി നേതൃത്വത്തിനും ഇത് സംബന്ധിച്ച് പരാതി എത്തിയിട്ടുണ്ട്. പാർട്ടിക്കുള്ളിൽനിന്ന് തന്നെ രാഹുലിനെതിരെ അതൃപ്തി പുകയുന്ന സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മാറിനിൽക്കാൻ നേതൃത്വം ആവശ്യപ്പെടുമെന്നാണ് വിവരം.
















