യുവരാഷ്ട്രീയ നേതാവിനെതിരായ വെളിപ്പെടുത്തലില്‍ നിലപാട് വ്യക്തമാക്കി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നത് ഷാഫി പറമ്പിലും വി ഡി സതീശനുമാണ് എന്നാണ് വി കെ സനോജിന്‍റെ ആരോപണം. പരാതി ഉയര്‍ന്നപ്പോള്‍ രാഹുലിനെ സംരക്ഷിച്ചത് ഷാഫിയും വി ഡി സതീശനുമാണെന്നും ആരോപണങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്നും വി കെ സനോജ് പറഞ്ഞു. വി ഡി സതീശന്‍ നടത്തിയത് ക്രിമിനല്‍ കുറ്റമാണെന്നും വേട്ടക്കാരനെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു സനോജിന്റെ പ്രതികരണം.
പ്രതിപക്ഷ നേതാവിന്റെ മകളുടെ പ്രായമേയുളളു റിനിക്ക്. വി ഡി സതീശന് പരാതി നല്‍കിയിട്ടും പരാതി മറച്ചുവെച്ചു. പ്രതിപക്ഷ നേതാവ് വേട്ടക്കാരനൊപ്പം നിന്നത് എന്തിനാണെന്ന് പറയണം. ആരോപണത്തെ കണക്കിലെടുക്കാതെ മുക്കുകയാണ് അദ്ദേഹം ചെയ്തത്. ആരോപണങ്ങളില്‍ സമഗ്രമായ അന്വേഷണം വേണം. ഉണ്ടായ ദുരനുഭവങ്ങള്‍ പെണ്‍കുട്ടി പങ്കുവെച്ചത് വി ഡി സതീശനോടാണ്. ഒരു ജനപ്രതിനിധിയുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ് ഉണ്ടായത്. പരാതികള്‍ ഉയര്‍ന്നപ്പോള്‍ ക്ഷമ പറയാതെ അധിക്ഷേപിക്കുകയാണ്. എന്നോട് ആരാണ് ഈ പാര്‍ട്ടിയില്‍ ചോദിക്കാനുളളത്, എന്നാല്‍ പിന്നെ കാണട്ടെ എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പലപ്പോഴും പറയുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധപതനമാണ് ഇത് കാണിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ വിഷയങ്ങളിലും ധാര്‍മിക പ്രസംഗം നടത്തുന്ന ആളാണല്ലോ സതീശന്‍. ഇങ്ങനെ ഒരു വിഷയം ഉണ്ടായപ്പോള്‍ ഇതുവരെയും കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല. ഇത്തരക്കാരെ സംരക്ഷിച്ച ചരിത്രമാണ് കോണ്‍ഗ്രസുകാര്‍ക്ക്. കോണ്‍ഗ്രസിനകത്ത് പെണ്‍കുട്ടിക്കുവേണ്ടി ശബ്ദമുയരുന്നില്ല. കോണ്‍ഗ്രസിന്റെ തണലിലാണ് തെമ്മാടിത്തരം കാണിക്കുന്നത്. ഇത് രാഷ്ട്രീയ ആരോപണമല്ലെന്ന് നമുക്കറിയാം. പെണ്‍കുട്ടികള്‍ക്ക് ധൈര്യത്തോടെ പേര് പറഞ്ഞ് മുന്നോട്ടുവരാനുളള സാഹചര്യം ഒരുക്കണം. പരാതിക്കാര്‍ നിയമനടപടി സ്വീകരിച്ച് മുന്നോട്ടുപോയാല്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് വി കെ സനോജ് കൂട്ടിച്ചേർത്തു.
















