പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധവുമായി സിപിഎമ്മും ബിജെപിയും രംഗത്ത്. മഹിളാ മോർച്ച പ്രവർത്തകർ രാഹുൽ മാങ്കൂട്ടത്തിലിന്റെ പാലക്കാട് എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. കോഴിയുമായെത്തിയാണ് മഹിളാ മോർച്ച പ്രവർത്തകർ യുവനേതാവിനെതിരെ പ്രതിഷേധിച്ചത്.
സിപിഎം-ഡിവൈഎഫ്‌ഐ പ്രവർത്തകരും എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. അതേസമയം, വിവാദ വിഷയങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് മാധ്യമങ്ങളെ കാണും.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലപാട് കടുപ്പിച്ച് രമേശ് ചെന്നിത്തല. നടപടി വൈകരുതെന്ന് ഹൈക്കമാൻഡിനോട് ചെന്നത്തല ആവശ്യപ്പെട്ടു. സമയം വൈകും തോറും പാർട്ടിക്ക് ചീത്തപ്പേരെന്നാണ് ചെന്നിത്തലയുടെ നിലപാട്.
സമാനമായ നിലപാടാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും സ്വീകരിച്ചിരിക്കുന്നത്. രാഹുലിനെ ഇനിയും ചേർത്തുപിടിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് വി ഡി സതീശൻ. നടപടി വേണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്.യുവ നടി ഉന്നയിച്ച ആരോപണത്തിൽ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ആരോപണത്തെ ഗൗരവ്വമായി കാണുന്നു.വിഷയത്തിൽ കർശന നടപടി സ്വീകരിക്കും- വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.വ്യക്തിപരമായി ഇത് സംബന്ധിച്ച് ആരും പരാതി തന്റെ മുമ്പിൽ നൽകിയിട്ടില്ലെന്ന് വിഡി സതീശൻ വ്യക്തമാക്കി. പരാതി ഇന്നലെയാണ് തന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഗൗരവ്വമുള്ള പരാതി വരുമ്പോൾ ഗൗരവ്വമായി തന്നെ അന്വേഷിക്കും. താൻ തന്നെ നടപടിയ്ക്ക് മുൻകൈ എടുക്കുമെന്നും വിഡി സതീശൻ കൂട്ടിചേർത്തു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയേക്കും. പകരം അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർക്കിക്കും കെഎം അഭിജിത്തിനുമാണ് സാധ്യത. അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുലിനെ മാറ്റിയാലും എംഎൽഎ സ്ഥാനത്ത് തൽക്കാലം തുടരും. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാജി വാങ്ങാൻ ഹൈക്കമാന്റാണ് നിർദ്ദേശിച്ചത്. അതേസമയം, രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ കടുത്ത അതൃപ്തിയിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
















