അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്സണ്‍ ഇന്ത്യൻ വിപണിയിൽ പുതിയ മോഡൽ പുറത്തിറക്കി. സ്ട്രീറ്റ് ബോബ് എന്ന് പേര് നല്‍കിയിരിക്കുന്ന വാഹനത്തിന് 18.77 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില വരുന്നത്. ഏതാനും വർഷം മുൻപ് ആദ്യമായി എത്തിയ ഈ ക്രൂയിസർ ബൈക്ക് 2022-ൽ വിൽപ്പന നിർത്തിയിരുന്നു. ഇപ്പോൾ തിരിച്ചെത്തിയതോടെ, അമേരിക്കൻ ക്രൂയിസർ നിർമ്മാതാക്കളുടെ ഇന്ത്യൻ നിരയിലെ ഫാറ്റ് ബോബിന് പകരക്കാരനാകുമെന്നാണ് വാദം.
കമ്പനി ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന ഹാർലി ഡേവിഡ്സൺ സ്ട്രീറ്റ് ബോബിന് 1,923 സിസി, വി-ട്വിൻ, എയർ/ലിക്വിഡ്-കൂൾഡ് എൻജിനാണുള്ളത്.
സ്ട്രീറ്റ് ബോബിന്റെ ഡിസൈനിലും നേരത്തത്തെക്കാള്‍ വ്യത്യാസമുണ്ട്. 2025- ലെ ഹാർലി ഡേവിഡ്സൺ സ്ട്രീറ്റ് ബോബിന് മുൻ മോഡലിൽ ഉണ്ടായിരുന്ന ബ്ലാക്ക്ഔട്ട് എക്‌സ്‌ഹോസ്റ്റിന് പകരം ഇപ്പോൾ ക്രോം ഫിനിഷുള്ള ടു ഇൻ ടു വൺ ലോങ്‌ടെയിൽ യൂണിറ്റാണ് നൽകിയിരിക്കുന്നത്.
ബില്ല്യാർഡ് ഗ്രേ, വിവിഡ് ബ്ലാക്ക്, സെന്റർലൈൻ, അയൺ ഹോഴ്സ് മെറ്റാലിക്, പർപ്പിൾ എബിസ് ഡെനിം എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളിലാണ് പുതിയ സ്ട്രീറ്റ് ബോബ് ഹാർലി – ഡേവിഡ്സൺ അവതരിപ്പിച്ചിരിക്കുന്നത്.
കൂടാതെ ഇതിന് ‘എയ്പ്-ഹാംഗർ’ ഹാൻഡിൽബാറുകളും, ബോബ്ഡ് സ്റ്റൈൽ റിയർ ഫെൻഡറുകളും ഉണ്ട്. സ്ട്രെച്ച്ഡ് ഡയമണ്ട് ബ്ലാക്ക് ആൻഡ് ക്രോം മെഡലിയൻ ഈ മോഡലിലെ അഞ്ച് കളര്‍ ഓപ്ഷനുകളിലും ആദ്യമായി അവതരിപ്പിക്കുന്നുണ്ട്.
ടെലിസ്കോപിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ മോണോഷോക്കും, നാല് ഇഞ്ച് നീളത്തിലുള്ള ഡിജിറ്റൽ-അനലോഗ് ഡിസ്പ്ലേ മൂന്ന് റൈഡ് മോഡുകളും (റെയിൻ, റോഡ്, സ്പോർട്ട്), ഒരു യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടും മറ്റും ഉൾപ്പെടുന്നു.
















