കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് യുവനടി റിനി ആൻ ജോർജ്. ഈ വിഷയവുമായി മുന്നോട്ട് വന്നപ്പോൾ എന്നെക്കുറിച്ച് ചില പേരുകൾ വരെ പറഞ്ഞ് അധിക്ഷേപിക്കുന്ന രീതിയുണ്ടായാതായി യുവനടി പറഞ്ഞു. എന്റെ യുദ്ധം ഒരു വ്യക്തിയോടല്ല, മറിച്ച് സമൂഹത്തിലെ തെറ്റായ പ്രവണതകളോടുള്ളതാണെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.
‘ഈ വിഷയത്തിൽ ഞാൻ ആദ്യം മുന്നോട്ട് വന്നപ്പോൾ എന്നെക്കുറിച്ച് ചില പേരുകൾ വരെ പറഞ്ഞ് അധിക്ഷേപിക്കുന്ന രീതിയുണ്ടായി. പിന്നീട് പലരും പരാതിയുമായി വരുന്നുണ്ടെന്ന് മനസ്സിലായി. ഏതെങ്കിലും പാർട്ടി സ്പോൺസർ ചെയ്തതല്ല ഈ വിവാദം. ഞാൻ വ്യക്തിപരമായി ആരെയും പേര് എടുത്ത് പറയാൻ ഉദ്ദേശിക്കുന്നില്ല. എന്റെ യുദ്ധം ഒരു വ്യക്തിയോടല്ല, മറിച്ച് സമൂഹത്തിലെ തെറ്റായ പ്രവണതകളോടുള്ളതാണ്. രാഷ്ട്രീയ നേതാവ് എങ്ങിനെ ആയിരിക്കണം എന്നത് മാത്രമാണ് എന്റെ വിഷയം’.
രാഹുൽ രാജിവെച്ചതിൽ തനിക്ക് വ്യക്തിപരമായ ഒരു താത്പര്യമില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അവർ പറഞ്ഞു. ‘അത് എന്താണെങ്കിലും തീരുമാനമെടുക്കേണ്ടത് ആ പ്രസ്ഥാനമാണ്. ആ വ്യക്തി ഇനിയെങ്കിലും നവീകരിക്കപ്പെടണം എന്നാണ് പറയാനുള്ളത്. ഇപ്പോഴും നല്ല സുഹൃത്തായിട്ടാണ് അദ്ദേഹത്തെ കാണുന്നത്.നിരന്തരം ആരോപണങ്ങൾ വരികയാണ്. ചില ഓഡിയോ ക്ലിപ്പുകൾ പുറത്തുവന്നു. ഞാൻ ഉന്നയിച്ചത് അത്രയും ഗുരുതരമായ ആരോപണങ്ങളാണ് എന്ന് പറയുന്നില്ല. വ്യക്തിപരമായി ഇതിൽ ഒരു സന്തോഷവുമില്ല. ഒരു പ്രധാനപ്പെട്ട നേതാവിനെതിരേ ചിത്രം സഹിതം ആരോപണം വരുമ്പോൾ അത് അന്വേഷിക്കണം.
ഇദ്ദേഹത്തിൽ നിന്ന് മോശം അനുഭവം ഉണ്ടായവർ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ ഭയമാണ് എന്നാണ് എന്നോട് പറഞ്ഞത്. അവർ നിയമപരമായി മുന്നോട്ട് പോകുമോ എന്ന് എനിക്കറിയില്ല. സ്ത്രീകൾക്ക് വേണ്ടി നടത്തിയ പോരാട്ടമാണിത്.രാഷ്ട്രീയമായ സംരക്ഷണം ഈ ആരോപണവിധേയന് ലഭിക്കുമെന്ന ആശങ്കയൊന്നും എനിക്കില്ല. എന്റെ ഭാഗം ശരിയാണെങ്കിൽ അത് ശരിയിലേക്ക് തന്നെയെത്തുമെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു. സാമൂഹികമാധ്യമങ്ങളിൽ കാര്യങ്ങൾ വന്നതോടെയാണ് വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കുന്നത്. അതിന് ശേഷം അദ്ദേഹത്തെ ബ്ലോക്ക് ചെയ്തിരുന്നു. ഏതൊരു വ്യക്തിക്കും സെക്കൻഡ് ലൈഫുണ്ട്. ഇദ്ദേഹത്തിന്റെ കാര്യത്തിൽ എന്താകുമെന്ന് എനിക്കറിയില്ല’, ആൻ കൂട്ടിച്ചേർത്തു.
















