സഹപ്രവർത്തകനായ പോലീസുകാരനെ അറസ്റ്റ് ചെയ്ത് ശാരീരികവും മാനസികവുമായ പീഡനം ഏൽപ്പിച്ചെന്ന കേസിൽ ആറ് പോലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ. ജമ്മു കശ്മീര്‍ പോലീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആറ് പോലീസുകാരെയാണ് സിബിഐ അറസ്റ്റ് ചെയ്തതത്. ഈ പോലീസുകാര്‍ തങ്ങളുടെ സഹ പോലീസുകാരില്‍ ഒരാളെ ഉപദ്രവിച്ചു എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ബുധനാഴ്ച വൈകുന്നേരമാണ് സിബിഐ പ്രതികളായ പോലീസുകാരെ അറസ്റ്റ് ചെയ്തതെന്ന് കുപ്വാരയിലെ ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പേര് വെളിപ്പെടുത്തരുതെന്ന ഉപാധിയോടെ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അറസ്റ്റിലായ പോലീസുകാരില്‍ ഒരു ഡിഎസ്പിയും ഒരു ഇന്‍സ്‌പെക്ടറും ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡിഎസ്പി അജാസ് അഹമ്മദ് നായിക്കോ, ഇന്‍സ്‌പെക്ടര്‍ റിയാസ് അഹമ്മദ്, ജഹാംഗീര്‍ അഹമ്മദ്, ഇംതിയാസ് അഹമ്മദ്, മുഹമ്മദ് യൂനിസ്, ഷാക്കിര്‍ അഹമ്മദ് എന്നിവരാണ് അവരുടെ പേരുകള്‍.
എന്താണ് കാര്യം?
ഈ കേസ് 2023ലേതാണ്. അറസ്റ്റിലായ പോലീസുകാര്‍ തങ്ങളുടെ സഹപ്രവര്‍ത്തകരില്‍ ഒരാളായ ഖുര്‍ഷിദ് അഹമ്മദ് ചൗഹാനെ കുപ്വാരയിലെ സംയുക്ത ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിച്ചു എന്നാണ് ആരോപണം. ഖുര്‍ഷിദ് അഹമ്മദിനെ ആറ് ദിവസത്തേക്ക് കസ്റ്റഡിയിലെടുത്തു. ഖുര്‍ഷിദ് അഹമ്മദിന്റെ ഭാര്യ പരാതിയില്‍ പറഞ്ഞത്, അന്നത്തെ എസ്പി തന്റെ ഭര്‍ത്താവിനെ ഡിഎസ്പിക്ക് കൈമാറിയെന്നും, തുടര്‍ന്ന് പീഡിപ്പിച്ച് പാതി ജീവനോടെ ഉപേക്ഷിച്ചു എന്നുമാണ്. 2023ല്‍ ഖുര്‍ഷിദ് അഹമ്മദ് ചൗഹാനെ ബാരാമുള്ളയില്‍ നിയമിച്ചു. ഒരു മയക്കുമരുന്ന് കേസില്‍ അന്വേഷണത്തിന് ഹാജരാകാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
ആ സമയത്ത് പോലീസ് ഖുര്‍ഷിദ് അഹമ്മദിനെതിരെയും കേസെടുത്തിരുന്നു. തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഖുര്‍ഷിദ് അഹമ്മദ് ജമ്മു കശ്മീര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹൈക്കോടതി അദ്ദേഹത്തിന്റെ ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചു.
സുപ്രീം കോടതി ഉത്തരവ്
2025 ജൂലൈ 21 ന് ഖുര്‍ഷിദ് അഹമ്മദിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടപ്പോള്‍, വിഷയം അന്വേഷിക്കാന്‍ സിബിഐയോട് ആവശ്യപ്പെട്ടു. ഖുര്‍ഷിദ് അഹമ്മദിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു.
















