തിരുവനന്തപുരം: അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന യുവനടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം കൂടി രാജിവെക്കണമെന്ന ആവശ്യവുമായി സിപിഎമ്മും ബിജെപിയും. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പത്തനംതിട്ട അടൂരിലെ വീട്ടിലേക്കും പ്രതിഷേധത്തിന് സാധ്യതയുണ്ട്ഈ ആവശ്യവുമായി പ്രതിഷേധം കടുപ്പിക്കാനാണ് തീരുമാനം.
യുവ നടിയോട് അപമര്യാദയായി പെരുമാറിയ വാർത്ത പുറത്തുവന്നതിനുപിന്നാലെ മറ്റൊരു പെൺകുട്ടിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ച ടെലഗ്രാം ചാറ്റും പരസ്യമായി. മുമ്പും നിരവധി സ്‌ത്രീപീഡന പരാതികൾ രാഹുലിനെതിരെ ഉയർന്നിരുന്നു. മാധ്യമപ്രവർത്തകയുമായി ബന്ധപ്പെടുത്തി ഒരുമാസം മുമ്പ് വിവാദം ഉയർന്നപ്പോൾ അതിനെ ‘ഹു കെയേഴ്‌സ്’ എന്ന് തള്ളുകയായിരുന്നു രാഹുൽ. രാഹുൽ മാങ്കൂട്ടത്തിലിനെ മുമ്പ് സംരക്ഷിച്ച ഷാഫി പറമ്പിൽ അടക്കമുള്ളവർക്ക് എതിരെയും പാർട്ടിക്കുള്ളിൽ വിമർശനം ഉണ്ട്.
പാർട്ടി പദവി മാത്രം ഒഴിഞ്ഞാൽ പോരെന്നാണ് സിപിഎമ്മിന്റെയും ബിജെപിയുടേയും നിലപാട്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിട്ടും വീണ്ടും ചാറ്റുകളും വെളിപ്പെടുത്തലുകളും പുറത്ത് വന്നത് രാഹുൽ മാങ്കൂട്ടത്തെയും കൂടുതൽ പ്രതിസന്ധിയിലാക്കി. എങ്കിലും മുകേഷ് അടക്കമുള്ളവർക്ക് എതിരെ ആരോപണം ഉയർന്നപ്പോൾ എംഎൽഎ സ്ഥാനം ഒഴിഞ്ഞിരുന്നില്ല. ഇത് ചൂണ്ടി കാട്ടിയാണ് രാഹുലിന്റെ പ്രതിരോധം.
















