തിരുവനന്തപുരം: ആരോപണങ്ങള്‍ക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം തള്ളി കോണ്‍ഗ്രസ്. രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ എംഎൽഎ സ്ഥാനം രാജിവെയ്ക്കേണ്ട സാഹചര്യമില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍. സംഘടനനാപരമായ നടപടി മാത്രം മതിയെന്നും ധാരണ.
അതേസമയം, രാഹുലിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാനും ധാരണയായി. സമിതിയെ നിയോഗിച്ച് ആരോപണങ്ങള്‍ പരിശോധിക്കും. ലൈംഗികാതിക്രമ കേസ് നേരിട്ടിട്ടും മുകേഷ് എംഎൽഎയായി തുടരന്നതടക്കം ഉന്നയിച്ച് കോണ്‍ഗ്രസ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്നുള്ള ആവശ്യത്തെ പ്രതിരോധിക്കും. രണ്ടുദിവസം കഴിയുമ്പോള്‍ പ്രതിഷേധങ്ങള്‍ അവസാനിക്കുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ പദവി ഒഴിഞ്ഞതോടെ യൂത്ത് കോണ്‍ഗ്രസില്‍ പുതിയ അധ്യക്ഷനായി നേതാക്കളുടെ പിടിവലിയാണ്. കെ.സി വേണുഗോപാലും, രമേശ് ചെന്നിത്തലയും എം.കെ രാഘവനും നോമിനികളെ മുന്നോട്ടു വച്ചിട്ടുണ്ട്. രണ്ടുദിവസത്തിനുള്ളില്‍ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാനാണ് ദേശീയ നേതൃത്വത്തിന്റെ ആലോചന.
















