ദക്ഷിണേന്ത്യയിൽ നിറയെ ആരാധകരുളള നടിയാണ് തമന്ന. രണ്ട് പതിറ്റാണ്ടിലേറെയായി മുൻനിര നായികയായി തുടരുന്ന തമന്നയ്ക്ക് അടുത്തിടെയായി പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ലഭിക്കാറില്ല. വ്യക്തിപരമായ കാരണങ്ങളാൽ അവരുടെ കരിയറിൽ ചില ഇടവേളകൾ ഉണ്ടായതും അവസരങ്ങൾ കുറയാൻ കാരണമായിട്ടുണ്ട്. ഐറ്റം ഡാൻസിലേക്കുള്ള അവസരങ്ങൾ അല്ലാതെ കാര്യമായ കഥാപാത്രങ്ങളൊന്നും വന്ന് ചേരുന്നില്ല. മിനിറ്റുകൾ മാത്രമുള്ള പാട്ടുകളിൽ വന്ന് പോയിട്ടും അതിലുടെ ട്രെന്റിങ്ങാകാൻ തമന്നയ്ക്ക് കഴിയാറുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ ഇതുവരെയുള്ള തന്റെ സിനിമാ ജീവിതത്തെ കുറിച്ച് നടി മനസ് തുറന്നു. ചുംബന രംഗങ്ങളിൽ അഭിനയിക്കില്ലെന്ന പോളിസി തനിക്ക് ഉണ്ടായിരുന്നുവെന്ന് തമന്ന പറയുന്നു. ഞാൻ വളരെക്കാലമായി വ്യായാമം ചെയ്യുന്നയാളാണ്.
പക്ഷെ ശരീരം ആവശ്യപ്പെടുന്നത് മാത്രമെ ചെയ്യാറുള്ളു. ശരീരത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകൾ മറന്ന് ഒന്നും ചെയ്യാറില്ല. ക്ഷീണിച്ചാലും ഉറക്കം വന്നാലും വ്യായാമം നിർത്തി വിശ്രമിക്കാനാണ് എനിക്ക് ഇഷ്ടം. അതുപോലെ ശാന്തമായ സ്ഥലങ്ങളിൽ പോകാനും ധ്യാനിക്കാനും ക്ഷേത്രങ്ങളിൽ പോകാനും തനിക്ക് ഇഷ്ടമാണെന്നും നടി പറഞ്ഞു. അടുത്തിടെ നടത്തിയ കാശി യാത്ര എന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായിരുന്നു. അവിടുത്തെ ആത്മീയ അന്തരീക്ഷം എന്നെ വളരെയധികം ആകർഷിച്ചുവെന്നും തമന്ന പറഞ്ഞു. ഒരു ഗ്ലാമറസ് നടിയായി ഞാൻ മുദ്രകുത്തപ്പെട്ടിട്ടുണ്ട്. എന്റെ കരിയറിന്റെ തുടക്കത്തിൽ ചില പോളിസികൾ എനിക്കുണ്ടായിരുന്നതിനാൽ ശക്തമായ വേഷങ്ങൾ എനിക്ക് നഷ്ടമായി.
ചുംബന രംഗങ്ങൾ ചെയ്യില്ലെന്ന എന്ന നയം ഞാൻ കർശനമായി ഒരു സമയം വരെ പാലിച്ചു. എന്നാൽ ആ വാശി ഒഴിവാക്കിയ ശേഷം ഞാൻ ബോൾഡും ഗ്ലാമറസുമായ വേഷങ്ങൾ ചെയ്യാൻ തുടങ്ങി. അതായിരുന്നു എന്റെ കരിയറിലെ വഴിത്തിരിവ് എന്നാണ് നടി പറഞ്ഞത്. മുമ്പും സിനിമകളിലെ സ്ത്രീകളുടെ ഗ്ലാമർ റോളുകളെ കുറിച്ച് നടി സംസാരിച്ചിട്ടുണ്ട്. ഹോട്ട് സീനുകൾ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഇന്നത്തെ കാലത്ത് അത്തരം സീനുകളും സിനിമകളുമാണ് ഇൻഡസ്ട്രിയും പ്രേക്ഷകരും ആവശ്യപ്പെടുന്നത്. അതുകൊണ്ട് ചുംബനരംഗങ്ങളിൽ അഭിനയിക്കാൻ നിർബന്ധിതയാകുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു ചട്ടക്കൂടിൽ നിന്ന് പുറത്തുകടക്കുന്നത് ഒരു പരിണാമമായിരുന്നു എന്നാണ് തമന്ന പറഞ്ഞത്. നല്ല കഥാപാത്രങ്ങൾ ഏത് ഭാഷയിൽ നിന്ന് വന്നാലും സ്വീകരിക്കുന്ന കൂട്ടത്തിലുമാണ് താരം.
















