പുതിയ അധ്യയന വർഷം ആരംഭിക്കുന്ന ദിവസം സ്കൂൾ കുട്ടികളുടെ സര്‍ക്കാര്‍ ജീവനക്കാരായ മാതാപിതാക്കൾക്ക് അവരുടെ സൗകര്യമനുസരിച്ച് ജോലിസമയത്തിൽ മാറ്റം വരുത്താൻ അനുമതി നൽകി യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്‍റ് ഹ്യൂമൻ റിസോഴ്‌സ് (FAHR)പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
സ്കൂളിൽ കുട്ടികളെ കൊണ്ടുപോകാനും തിരികെ വീട്ടിലെത്തിക്കാനും കഴിയുന്ന തരത്തിൽ സ്കൂൾ തുറക്കുന്ന ദിവസം ജീവനക്കാർക്ക് അവരുടെ ജോലി സമയത്തിൽ മാറ്റം വരുത്താൻ അനുമതി നൽകണമെന്ന് ഫെഡറൽ മന്ത്രാലയങ്ങൾക്കും മറ്റ് സ്ഥാപനങ്ങൾക്കും ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്‍റ് ഹ്യൂമൻ റിസോഴ്‌സ് നിർദ്ദേശം നൽകിയത്.
അതേസമയം ഈ സൗകര്യം പരമാവധി മൂന്ന് മണിക്കൂർ വരെ മാത്രമേ ലഭിക്കൂ എന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. നഴ്സറി, കിന്റർഗാർട്ടൻ വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് ആദ്യ ആഴ്ച മുഴുവൻ ഇളവ് ലഭിക്കും. കുട്ടികളെ പുതിയ രീതികൾ പരിചയപ്പെടുത്തുന്നതിന് കൂടുതൽ സമയമനുവദിക്കാനാണിത്. ഇക്കാലയളവിൽ മൂന്ന് മണിക്കൂർ വരെ ഇളവ് ലഭിക്കും.
സ്കൂളുമായി ബന്ധപ്പെട്ട സമയ ഇളവ് തൊഴിലിടത്തിൽ നിലവിലുള്ള രീതികൾ അനുസരിച്ചും ജീവനക്കാരന്റെ മാനേജറുടെ അനുവാദത്തോടെയുമായിരിക്കണം. പുതിയ നയം അനുസരിച്ച് രക്ഷിതാക്കൾക്ക് സ്കൂളിലെ പിടിഎ മീറ്റിംഗുകൾ, ബിരുദദാന ചടങ്ങുകൾ, അല്ലെങ്കിൽ മറ്റ് സ്കൂളുമായി ബന്ധപ്പെട്ട പരിപാടികൾ എന്നിവയിൽ പങ്കെടുക്കാൻ മൂന്ന് മണിക്കൂർ വരെ സമയം അനുവദിക്കും.
വിവിധ കരിക്കുലങ്ങൾ അനുസരിച്ച് സ്കൂൾ ആരംഭിക്കുന്ന തീയതികളിൽ വ്യത്യാസമുണ്ടാകുന്നത് കണക്കിലെടുക്കണമെന്നാണ് തൊഴിലുടമകളോട് നിർദേശം നൽകിയത്.
















