റീൽസിനായി ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും AI-അധിഷ്ഠിത വോയ്‌സ് ട്രാൻസ്ലേഷൻ ടൂളുകള്‍ മെറ്റാ പുറത്തിറക്കി. തുടക്കത്തിൽ ഇത് ഇംഗ്ലീഷിലും സ്പാനിഷിലും ലഭ്യമാകും. ലിപ്-സിങ്കിംഗ് ഉപയോഗിച്ച് കണ്ടന്‍റ് ക്രിയേറ്റേഴ്‌സിന് അവരുടെ ശബ്ദം ഇംഗ്ലീഷിൽ നിന്ന് സ്പാനിഷിലേക്കും തിരിച്ചും വിവർത്തനം ചെയ്യാൻ ഇത് അനുവദിക്കുന്നു. ദ്വിഭാഷാ അല്ലെങ്കിൽ അന്തർദേശീയ പ്രേക്ഷകരെ ലക്ഷ്യമിടുന്ന കണ്ടന്‍റ് ക്രിയേറ്റേഴ്‌സിന് ഈ ടൂൾ പ്രത്യേകിച്ചും ഉപയോഗപ്രദമാണ്.
റീലുകള്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കാനും അവരുമായി മികച്ച ആശയവിനിമയം സാധ്യമാക്കാനും ഈ ടൂൾ സഹായിക്കുമെന്നും ആഗോളതലത്തില്‍ ഫോളോവേഴ്‌സിനെ സൃഷ്‌ടിക്കാന്‍ ടൂള്‍ സഹായിക്കുമെന്നും കമ്പനി പറയുന്നു.
ഈ ടൂൾ നിങ്ങളുടെ ശബ്‌ദത്തിന്‍റെ ടോൺ അനുകരിക്കുകയും ഓപ്‌ഷണൽ ലിപ്-സിങ്കിംഗ് ഉൾപ്പെടെ വാഗ്‍ദാനം ചെയ്യുകയും ചെയ്യുന്നു. മെറ്റയുടെ പുതിയ എഐ പവർഡ് വോയ്‌സ് ട്രാൻസ്‌ലേഷൻ ഫീച്ചർ ഇപ്പോൾ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ലോകമെമ്പാടുമുള്ള എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാണെന്ന് കമ്പനി പ്രഖ്യാപിച്ചു.
മെറ്റ എഐ ട്രാൻസ്‌ലേഷൻസ് നിങ്ങളുടെ സ്വന്തം ശബ്‍ദവും ടോണും ഉപയോഗിക്കുന്നതിനാൽ അത് നിങ്ങളായിത്തന്നെ തോന്നും എന്ന് കമ്പനി ഒരു ബ്ലോഗ് പോസ്റ്റിൽ വിശദീകരിച്ചു. ലിപ് സിങ്കിംഗ് ഫീച്ചർ നിങ്ങളുടെ വായയുടെ ചലനങ്ങളെ ട്രാൻസ്‍ലേറ്റ് ചെയ്‌ത ഓഡിയോയുമായി പൊരുത്തപ്പെടുത്തുന്നു എന്നതാണെന്നും അതുവഴി റീലിൽ ഉപയോഗിച്ച ഭാഷ നിങ്ങൾ ശരിക്കും സംസാരിക്കുന്നതായി തോന്നിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കി.
ഒരു റീൽ പബ്ലിഷ് ചെയ്യുന്നതിന് മുമ്പ്, ‘ക്രിയേറ്റേഴ്സിന് മെറ്റ എഐ ഉപയോഗിച്ച് നിങ്ങളുടെ ശബ്‌ദം വിവർത്തനം ചെയ്യുക’ എന്ന ഓപ്ഷൻ കാണാനാകും. അവർക്ക് ട്രാൻസ്‍ലേഷൻ ആക്‌ടീവാക്കാനും ലിപ്-സിങ്കിംഗ് ഉൾപ്പെടുത്തണോ എന്ന് തീരുമാനിക്കാനും സാധിക്കും. ഉപയോക്താവ് “ഷെയർ നൗ” ക്ലിക്ക് ചെയ്‌തുകഴിഞ്ഞാൽ, ട്രാൻസ്‍ലേറ്റ് ചെയ്‌ത പതിപ്പ് ഓട്ടോമാറ്റിക്കായി ജനറേറ്റ് ചെയ്യപ്പെടും.
അവലോകന ടോഗിൾ പ്രവർത്തനക്ഷമമാക്കുന്നതിലൂടെ, ട്രാൻസ്‍ലേഷൻ തത്സമയമാകുന്നതിന് മുമ്പ് ക്രിയേറ്റേഴ്‌സിന് അത് അവലോകനം ചെയ്യാനും വേണോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാനും സാധിക്കും. ട്രാൻസ്‍ലേഷൻ അംഗീകരിക്കുന്നതിനോ നിരസിക്കുന്നതിനോ ഉള്ള ഒരു അറിയിപ്പ് അവർക്ക് ലഭിക്കും. അല്ലെങ്കിൽ പ്രൊഫഷണൽ ഡാഷ്‌ബോർഡ് സന്ദർശിക്കാം.
ഏത് സാഹചര്യത്തിലും ട്രാൻസ്‍ലേറ്റ് ചെയ്യാത്ത യഥാർത്ഥ റീൽ മാറ്റമില്ലാതെ തുടരും. കൂടാതെ, ക്രിയേറ്റേഴ്‌സിന് ഭാഷ അനുസരിച്ച് കാഴ്‌ചകൾ കാണിക്കുന്ന ഒരു പുതിയ ഇൻസൈറ്റ് മെട്രിക് ആക്‌സസ് ചെയ്യാനും കഴിയും.
കൂടുതൽ ഭാഷകൾ ലഭ്യമാകുമ്പോൾ, ട്രാൻസിലേഷനുകൾ അവരുടെ പ്രേക്ഷകരെ എങ്ങനെ വർധിപ്പിക്കുന്നുവെന്ന് മനസിലാക്കാൻ ഇതവരെ സഹായിക്കും. അതേസമയം കാഴ്‌ചക്കാർക്ക് അവരുടെ ഇഷ്‍ട ഭാഷയിൽ ട്രാൻസ്‍ലേറ്റ് ചെയ്ത റീലുകൾ കാണാനും മെറ്റ എഐ ആണ് വിവർത്തനം ചെയ്‌തതെന്ന് അറിയിക്കാനും കഴിയും.
മെനുവിലെ ഓഡിയോ, ലാംഗ്വേജ് സെറ്റിംഗ്‍സുകൾ വഴി ചില ഭാഷകൾക്കുള്ള വിവർത്തനം പ്രവർത്തനരഹിതമാക്കാനും കഴിയും.
















