കൊച്ചി: നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന വെളിപ്പെടുത്തലിനെ തുടർന്ന് ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ തിടുക്കത്തിൽ കേസെടുക്കേണ്ടെന്ന് പൊലീസ് തീരുമാനം. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ മാത്രമാണ് പരാതിയെന്നും അതിനപ്പുറം തെളിവുകൾ പരാതിക്കാരൻ ഹാജരാക്കിയിട്ടില്ലെന്നുമാണ് പൊലീസ് വിലയിരുത്തൽ. ഈ പരാതിയുടെ മാത്രം അടിസ്ഥാനത്തിൽ കേസെടുത്താൽ കോടതിയിൽ തിരിച്ചടിയാകുമെന്ന് പൊലീസിന് പ്രാഥമിക നിയമോപദേശം ലഭിച്ചു.
ആരോപണവിധേയനെതിരെ പരാതിക്കാരന് തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. ഗർഭഛിദ്രം നടന്നിട്ടുണ്ടോ, ഗര്‍ഭസ്ഥശിശു ജീവിച്ചിരിപ്പുണ്ടോ, ഇരയായ പെൺകുട്ടിയുടെ ആരോഗ്യത്തെ എത്രമാത്രം ബാധിച്ചു എന്നീ കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല. കൂടുതൽ തെളിവുകൾ പരാതിക്കാരൻ നൽകുകയോ പുറത്തുവന്ന ശബ്ദ സംഭാഷണത്തിലെ ഇര പരാതിയുമായി സമീപിക്കുകയോ ചെയ്താൽ മാത്രം തുടർനടപടി മതിയെന്നും പൊലീസിന് നിയമപദേശം കിട്ടി.
യുവനടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യനാണ് എറണാകുളം സെൻട്രൽ പൊലീസിലും ബാലാവകാശ കമീഷനും പരാതി നൽകിയത്. യുവതിയും രാഹുലും തമ്മിലുള്ളതെന്ന നിലയിൽ പുറത്തുവന്ന ഫോൺ സംഭാഷണം ഉൾപ്പെടെയാണ് പരാതി നൽകിയിരിക്കുന്നത്. ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്നത് കുറ്റകരമായിരിക്കെ കേസെടുത്ത് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
അതേസമയം, ആരോപണങ്ങള്‍ക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് തള്ളി. രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ എംഎൽഎ സ്ഥാനം രാജിവെയ്ക്കേണ്ട സാഹചര്യമില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്.
















