തിരുവനന്തപുരം: സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണങ്ങളുടെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വച്ചതോടെ പുതിയ അധ്യക്ഷനെ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകുന്നു. അഞ്ച് പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത്. തങ്ങളുടെ പ്രതിനിധികളെ യൂത്ത് കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവിയില്‍ എത്തിക്കാന്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുകളും നീക്കം തുടങ്ങി.
യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയില്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അബിന്‍ വര്‍ക്കി, ഒ ജെ ജനീഷ്, കെ എസ് യു മുന്‍ സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്, കോണ്‍ഗ്രസ് നേതാവ് ജെ എസ് അഖില്‍ എന്നിവരുടെ പേരുകളാണ് പുതിയ അധ്യക്ഷനായി സജീവ പരിഗണനയിലുള്ളത്. എന്നാല്‍, സംസ്ഥാന വൈസ് പ്രസിഡന്റ് പദവി വഹിക്കുന്ന അബിന്‍ വര്‍ക്കിക്ക് സമുദായ സമവാക്യം പ്രതികൂല ഘടകമാണ്.
















