രാഹുല്‍ മാങ്കൂട്ടത്തിനെതിരെ വിമർശവുമായി മന്ത്രി വി ശിവന്‍കുട്ടി രംഗത്ത്. രാഹുലിനെതിരായ ആരോപണങ്ങള്‍ അസാധാരണമാണ്. ജയിച്ച മണ്ഡലത്തില്‍ ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. ട്രാന്‍സ്ജന്‍ഡേഴ്‌സിന് പോലും യൂത്ത് കോണ്‍ഗ്രസ്‌കാരെ കൊണ്ട് ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നും മന്ത്രി പറഞ്ഞു. കോടതി പറയുന്ന പോലെ അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങള്‍ ആയി കേരളത്തില്‍ കേട്ടവയാണ്. അതുകൊണ്ട് അദ്ദേഹം മാന്യമായി എംഎല്‍എ സ്ഥാനം രാജി വയ്ക്കണം. മത്സരിച്ച നാട്ടില്‍ ഇറങ്ങാന്‍ പറ്റാത്ത സാഹചര്യം ആണ്. യൂത്ത് കോണ്‍ഗ്രസില്‍ നിന്നുള്ള സഹോദരിമാരുടെ രാജി പ്രവാഹമാണ്. ഇത് ഷാഫി പറമ്പില്‍ സ്‌കൂളില്‍ പഠിച്ചവരാണ്. ഷാഫിയാണ് ഇതിന്റെ ഹെഡ്മാസ്റ്റര്‍. അദ്ദേഹം ഒന്നും മിണ്ടാതെ നാട് വിട്ടു പോയിരിക്കുന്നു. രാഹുല്‍ മാങ്കൂട്ടം അഹങ്കാരത്തിനും ധിക്കാരത്തിനും കൈയും കാലും വച്ചവന്‍. മുഖ്യമന്ത്രിയെ എടാ വിജയാ എന്ന് വിളിച്ചു പ്രസംഗിച്ച ആള്‍. ഞങ്ങള്‍ അവരുടെ നേതാക്കളെ ഇത്രയും ബഹുമാനമില്ലാതെ വിലകുറച്ചു സംസാരിക്കാറില്ല. അസംബ്ലിയിലും തരം താണ പ്രസംഗമാണ്. പ്രശ്‌നങ്ങള്‍ സത്യസന്ധമായി അവതരിപ്പിക്കുന്നവരെ കോണ്‍ഗ്രസ് നേതൃത്വം വിരട്ടാന്‍ നോക്കണ്ട. രാഹുല്‍ എംഎല്‍എസ്ഥാനം രാജി വയ്ക്കുന്നതല്ലേ മാന്യത. ഇനി ഈ കോണ്‍ഗ്രസ്‌കാര്‍ക്ക് അമ്മയും പെങ്ങളും ഉള്ള, മനസാക്ഷിയുള്ള ആരെങ്കിലും ഇനി വോട്ട് ചെയ്യുമോ എന്നും മന്ത്രി വി ശിവന്‍കുട്ടി ചോദിച്ചു.
















