രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയ സ്ത്രീകളെ അപമാനിച്ചിട്ടില്ലെന്ന് വി കെ ശ്രീകണ്ഠന്‍ എം പി. പരാതി പറഞ്ഞവരെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് കോണ്‍ഗ്രസിന്റെ രീതിയല്ലെന്നും ഒരു സ്ത്രീകളെയും അപമാനിച്ചിട്ടില്ലെന്നും വി കെ ശ്രീകണ്ഠന്‍ പറഞ്ഞു. മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചു എന്നായിരുന്നു വി കെ ശ്രീകണ്ഠന്‍ പ്രതികരിച്ചത്. മന്ത്രിമാരോടൊപ്പം നില്‍ക്കുന്ന ഫോട്ടോ വന്നില്ലേ. അതിനാല്‍ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിക്കണം എന്ന് മാത്രമാണ് പറഞ്ഞത്. രാഹുലിനെ എവിടെയും വെള്ളപൂശിയിട്ടില്ല എന്നുമായിരുന്നു ശ്രീകണ്ഠന്റെ ന്യായീകരണം.
രാഹുലിനെതിരെ പരാതി നൽകിയ സ്ത്രീകളുടെ അർധ വസ്ത്രം ധരിച്ച് മന്ത്രിമാർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നില്ലേ, വെളിപ്പെടുത്തലിന് പിന്നിലെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കണം തുടങ്ങിയ ആരോപണങ്ങളാണ് വി.കെ ശ്രീകണ്ഠൻ ഉന്നയിച്ചിരുന്നത്. കൂടാതെ, രാഹുലിന് നേരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടലാണെന്നും ശ്രീകണ്ഠൻ പറഞ്ഞിരുന്നു. ഇതുവരെ ഒരു പരാതിയും വന്നിട്ടില്ലെന്നും ആരോപണം വന്നയുടൻ അടിന്തരമായി നടപടി സ്വീകരിച്ചുവെന്നും പുകമറ മാത്രമാണ് നിലവിലുള്ളതെന്നും ശ്രീകണ്ഠൻ പറഞ്ഞിരുന്നു.
















