അതിഗുരുതരമായ ലൈംഗികാരോപണങ്ങളുടെ പേരിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് രാജിവെച്ചൊഴിയേണ്ടി വന്ന രാഹുൽ മാങ്കൂട്ടത്തിൽ, എംഎൽഎ സ്ഥാനത്ത് തുടരുന്നത് രാഷ്ട്രീയ അധാർമികതയും ജനാധിപത്യ സമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് ഐഎൻഎൽ.
പാർട്ടി പദവിയിൽ തുടരാൻ കൊള്ളരുതാത്ത ഒരാൾ നിയമനിർമ്മാണ സഭയിൽ ഇരിക്കുന്നതിന്‍റെ ഔചിത്യം സാമാന്യ യുക്തിക്ക് നിരക്കാത്തതാണ്. രാഹുലിനെപ്പോലെ കളങ്കിതനായ ഒരു യുവനേതാവിന് പറ്റിയ ഇടമല്ല നിയമസഭയെന്നും ഐഎൻഎൽ പ്രസ്താവനയിൽ പറയുന്നു.
രാഹുലിന്‍റെ പതനത്തിന്‍റെ പൂർണ ഉത്തരവാദിത്വം ഗുരുക്കന്മാരായ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഷാഫി പറമ്പിൽ എംപി അടക്കമുള്ള കോൺഗ്രസ് നേതൃത്വത്തിന്‍റേതുമാണ്. പാർട്ടി പ്രവർത്തകരിൽ നിന്നടക്കം 14 പരാതികൾ കോൺഗ്രസ് നേതൃത്വത്തിന് എന്നോ കിട്ടിയിട്ടും ഇതുവരെ നടപടി എടുക്കാതിരുന്നത് സ്ത്രീ സമൂഹത്തോട് അശേഷം ബഹുമാനമില്ലാത്തതും സ്ത്രീപീഡന ആരോപണങ്ങൾ കോൺഗ്രസിൽ പുതുമയുള്ള കാര്യമല്ലാത്തത് കൊണ്ടുമാവാമെന്നും ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ വിമർശിച്ചു.
















