യു.എ.ഇയിൽ മരിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ മുന്നറിയിപ്പുമായി ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് രംഗത്ത്. മൃതദേഹം കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ നിരക്ക് ഈടാക്കുന്നതായി പ്രവാസികൾക്കിടയിൽ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
നിശ്ചയിച്ചിട്ടുള്ള അംഗീകൃത തുകയേക്കാൾ കൂടുതൽ കൈപ്പറ്റുന്ന ഏജന്‍റുമാരുടെ തട്ടിപ്പിൽ ജാഗ്രത വേണമെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ കോൺസുലേറ്റ് അധികൃതർ ആവശ്യപ്പെട്ടു. ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിന് കീഴിൽ പ്രവർത്തിക്കുന്ന സാമൂഹിക കൂട്ടായ്മകളുടെ പാനൽ വഴി കോൺസുലേറ്റ് മൃതദേഹം കൊണ്ടുപോകുന്നതിന് സഹായം അനുവദിക്കുന്നുണ്ട്.
മൃതദേഹം കൊണ്ടുപോകുന്നതിനുള്ള ചെലവ് വഹിക്കുന്ന ഇൻഷുറൻസ് പോളിസിയില്ലെങ്കിലും ഇന്ത്യൻ സർക്കാർ നിശ്ചയിച്ച മാനദണ്ഡപ്രകാരം മരിച്ചയാൾക്ക് സ്പോൺസറോ തൊഴിലുടമയെ ഇല്ലെങ്കിലായിരിക്കും ഈ സഹായം ലഭ്യമാകുക. എല്ലാ ഔദ്യോഗിക വിവരങ്ങൾക്കും ഇന്ത്യൻ കോണസുലേറ്റിനെ ആശ്രയിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അധികൃതർ ഹെൽപ് ലൈൻ നമ്പറായ +971507347676 80046342 (ടോൾഫ്രീ) എന്നിവ പങ്കുവെച്ചു.
STORY HIGHLIGHT: fraud in repatriating bodies
















