ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒന്നാണ് ആപ്പിൾ സിഡർ വിനഗർ. മരുന്നാനായും പാചകത്തിനായും ഉപയോഗിക്കുന്ന ഈ ആപ്പിൾ സിഡർ വിനഗർ കൊളസ്ട്രോൾ കുറയ്ക്കാനും ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഏറെ നല്ലതാണ്. ശരീരഭാരം കുറയ്ക്കാനും ഇത് മികച്ചതാണ്.
ആപ്പിൾ സിഡർ വിനഗർ തുടർച്ചയായി ഒരു മാസം കഴിച്ചാൽ ശരീരത്തിന് എന്തു സംഭവിക്കും എന്നറിയാം. ഒരു ടീസ്പൂൺ ആപ്പിൾസിഡർ വിനഗർ വെള്ളം ചേർത്ത് നേർപ്പിച്ച് ഉപയോഗിക്കുന്നത് ഗുണഫലങ്ങൾ വർധിപ്പിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു
ഒരു മാസം ആപ്പിൾ സിഡർ വിനഗർ വെള്ളം ചേർത്ത് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. പ്രമേഹം ഇല്ലാത്തവർക്കും ഷുഗർ ലെവൽ നിയന്ത്രിച്ചു നിർത്താൻ ഇത് സഹായിക്കും. പ്രമേഹവും ഡിസ്‌ലിപ്പിഡിമിയയും ബാധിച്ചവരിൽ ഓക്സീകരണ സമ്മർദം കുറയ്ക്കാനും ആപ്പിൾ സിഡർ വിനഗർ സഹായിക്കും.
ശരീരഭാരം കുറയ്ക്കും
ഒരുമാസം തുടർച്ചയായി രാവിലെ ആപ്പിൾ സിഡർ വിനഗർ ഇളംചൂട് വെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് ശരീരഭാരം കുറയാൻ സഹായിക്കും. ആപ്പിൾസിഡർ വിനഗർ ഏറെ നേരം വയർ നിറഞ്ഞ തോന്നൽ ഉണ്ടാക്കുകയും ഇതുമൂലം കുറച്ചുമാത്രം കാലറി കഴിക്കുകയും ഇതുവഴി ശരീരഭാരം കുറയുകയും ചെയ്യും. ഭക്ഷണം കഴിച്ച് രണ്ടു മണിക്കൂറു നേരത്തേക്ക് വിശപ്പ് കെടുത്തുകയും ഇതിലൂടെ ലഘുഭക്ഷണം കഴിക്കുന്നത് വൈകിപ്പിക്കാനും കഴിയുന്നു.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തും
ലോകത്ത് മരണകാരണങ്ങളിൽ മുൻപന്തിയിലുള്ള രോഗങ്ങളിലൊന്നാണ് ഹൃദ്രോഗം. ജീവശാസ്ത്രപരമായ പല ഘടകങ്ങളും ഹൃദ്രോഗസാധ്യതയെ ബാധിക്കും എങ്കിലും ഇവയിൽ ചിലതിനെ ഇല്ലാതാക്കാൻ ആപ്പിൾ സിഡർ വിനഗർ സഹായിക്കും. ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ, ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ, ട്രൈഗ്ലിസറൈഡുകൾ, ടോട്ടൽ കൊളസ്ട്രോൾ ഇവയുടെ അളവ് നിയന്ത്രിക്കാനും ആപ്പിൾ സിഡർ വിനഗർ സഹായിക്കും.
ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
അമ്ലഗുണമുള്ളതായതിനാൽ ചർമപ്രശ്നങ്ങളായ വരണ്ടചർമം, എക്സിമ തുടങ്ങിയവയ്ക്ക് പരിഹാരമേകാൻ ആപ്പിൾ സിഡർ വിനഗറിനു കഴിയും. അതിനെ നേർപ്പിച്ച് വെള്ളത്തോടൊപ്പം കുടിക്കുകയാണെങ്കിൽ ചർമത്തിന്റെ നാച്വറൽ പിഎച്ച് നില കൈവരിക്കാൻ സഹായിക്കും. ആപ്പിൾസിഡർ വിനഗർ ചർമത്തെ സംരക്ഷിക്കുകയും ചെയ്യും. ചർമപ്രശ്നങ്ങൾക്ക് പുതിയ പരിഹാരങ്ങൾ തേടുംമുൻപ് വൈദ്യനിർദേശം തേടേണ്ടതാണ്.
ബാക്ടീരിയകളെ നശിപ്പിക്കുന്നു
രോഗാണുക്കളെ, പ്രത്യേകിച്ച് അണുബാധ ഉണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കാൻ ആപ്പിൾ സിഡർ വിനഗർ സഹായിക്കും. ക്ലീനിങ്ങിനും അണുനാശിനിയായും ആളുകൾ വിനാഗിരി ഉപയോഗിക്കുന്നുണ്ട്. നഖങ്ങളിലെ ഫംഗസ്, പേൻ, അരിമ്പാറ, ചെവിയിലെ അണുബാധ ഇവ അകറ്റാനും വിനാഗിരി ഉപയോഗിക്കുന്നുണ്ട്. ഭക്ഷണം കേടുകൂടാതിരിക്കാനുള്ള പ്രിസർവേറ്റീവ് ആയും വിനാഗിരി ഉപയോഗിക്കുന്നു. ഇ കോളി പോലുള്ള ബാക്ടീരിയകളുടെ വളർച്ച തടയാനും ഭക്ഷണം കേടാകാതിരിക്കാനും ഇത് സഹായിക്കും.
















