വിദ്യാഭ്യാസം നേടുന്നത് സമൂഹത്തിൻ്റെ നന്മയ്ക്ക് കൂടി വേണ്ടിയാകണമെന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. അമൃത വിശ്വവിദ്യാപീഠം കൊച്ചി ബ്രഹ്മസ്ഥാനം ക്യാമ്പസിൽ നടന്ന ഇരുപത്തി ഏഴാമത് ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സദ്ഗുരു മാതാ അമൃതാനന്ദമയി ദേവി നൽകുന്ന ഈ സന്ദേശം ജീവിതത്തിൽ പകർത്തണമെന്നും അദ്ദേഹം വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. മാനവിക മൂല്യങ്ങൾ കൂടി ഉൾക്കൊള്ളുന്നതാണ് നമ്മുടെ വിദ്യാഭ്യാസ രീതി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ വിഭാഗങ്ങളിലായി 477 വിദ്യാർഥികളാണ് ബിരുദം ഏറ്റുവാങ്ങിയത്.

ബ്രഹ്മസ്ഥാനം ക്യാമ്പസിൽ നടന്ന ചടങ്ങിൽ അമൃത വിശ്വവിദ്യാപീഠം രജിസ്ട്രാർ ഡോ. പി അജിത് കുമാർ വിശിഷ്ടാതിഥിയായിരുന്നു. 27 വിദ്യാർത്ഥികൾ വിവിധ വിഭാഗങ്ങളിലായി റാങ്ക് ജേതാക്കളായി. വിവിധ വിഷയങ്ങളിൽ ഗവേഷണം പൂർത്തിയാക്കിയ 14 പേരും ചടങ്ങിൽ ബിരുദങ്ങൾ ഏറ്റുവാങ്ങി.

അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാമ്പസ് ഡയറക്ടർ ഡോ. യു കൃഷ്ണകുമാർ ചടങ്ങിൽ സ്വാഗതമാശംസിച്ചു. മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. അമൃത വിശ്വവിദ്യാപീഠം അസോസിയേറ്റ് പ്രോവോസ്റ്റ് ശാന്തികുമാർ വി നായർ ബിരുദദാന ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
STORY HIGHLIGHT: Governor Rajendra Vishwanath Arlekar
















