മാവോയിസ്റ്റ് ആരോപണം ഉന്നയിച്ച് ജയിലിലാക്കപെട്ട രൂപേഷിന്റെ നോവല്‍ ‘ബന്ധിതരുടെ ഓര്‍മക്കുറിപ്പുകള്‍’ പ്രസിദ്ധീകരിക്കാനുള്ള അനുമതി നിഷേധിച്ചതിനെതിരെ കേരളാ സാഹിത്യ അക്കാദമി അധ്യക്ഷനും എഴുത്തുകാരനുമായ കെ. സച്ചിദാനന്ദന്. ജയില്‍മേധാവി പറയുന്ന കുഴപ്പങ്ങളൊന്നും ഞാൻ അതിൽ കണ്ടില്ലെന്നും രൂപേഷിന്റെ നോവലിന്റെ പിഡിഎഫ് പതിപ്പ് താന്‍ വായിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ് ബുക്കിലൂടെയാണ് സച്ചിദാനന്ദന് പ്രതികരണം നടത്തിയത്.
സച്ചിദാനന്ദന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :
രൂപേഷ് എഴുതിയ ഒരു നോവല്‍ ചര്‍ച്ചയില്‍ ഉണ്ടല്ലോ. രാഷ്ട്രീയ തടവുകാര്‍ – ഗാന്ധി, നെഹ്റു, ഹോ ചി മിന്, മേരി ടൈലര്‍…. – ജയിലില്‍ വെച്ച് ധാരാളം രചനകള്‍ നടത്തുകയും അവ പുറത്തു വരികയും ചെയ്തിട്ടുണ്ട്. ‘ബന്ധിതരുടെ ഓര്‍മ്മക്കുറിപ്പുകള്‍’ എന്ന ഈ കൃതിയെ സംബന്ധിച്ച് ജയില്‍ മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പറയുന്ന കുഴപ്പങ്ങള്‍ ഒന്നും ഈ നോവലിന്റെ പിഡിഎഫ് വായിച്ച ഞാന്‍ കണ്ടില്ല. ഇത് ഒരു നോവല്‍, ഒരു ഭാവനാസൃഷ്ടി ആണ്, ലേഖനം അല്ല എന്നാല്‍ ജയില്‍ മേധാവി ഇതിനെ ഒരു വിമര്‍ശനപ്രബന്ധം പോലെ വായിച്ചതായി തോന്നുന്നു, അതുകൊണ്ടാണ് ജയിലിലെ ശകാരം, ഭരണവിമര്‍ശനം തുടങ്ങിയവയെ പ്രത്യക്ഷമായ അര്‍ത്ഥത്തില്‍ എടുത്തത്.
അനുമതി നിഷേധിക്കാന്‍ പല കാരണങ്ങളില്‍ ഒന്നായി പറയുന്നത് ഇതിലെ പ്രധാന കഥാപാത്രം ഈ എഴുതുന്ന ആള് ആണ് എന്നതാണ്. അയാളുടെ പേര് ഒരിടത്ത് ‘സച്ചി’ എന്ന് പറയുന്നു, സച്ചിദാനന്ദന്റെ കവിതകള്‍ ഉദ്ധരിക്കുന്നു – ഇതൊക്കെ ചില പത്രങ്ങളിലും കണ്ടു. എന്നെ അറസ്റ്റു ചെയ്തിട്ടില്ല എന്ന് കൂടി പറയുന്നത് കണ്ടു. അങ്ങനെ പറയുന്നവര്‍ 43 വര്‍ഷം മുന്‍പുള്ള ഇരിഞ്ഞാലക്കുട പോലീസ് സ്റ്റേഷനിലെ ഫയലുകള്‍ പരിശോധിക്കും എന്ന് പ്രതീക്ഷിക്കുന്നു.
STORY HIGHLIGHT: jailed maoist roopesh novel
















