സിനിമാ-സീരിയൽ രംഗത്ത് നിറസാന്നിധ്യമായിരുന്ന ലൗലി ബാബുവിന്റെ ഇപ്പോഴത്തെ അവസ്ഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഭർത്താവ് ഉപേക്ഷിക്കാൻ പറഞ്ഞ അമ്മയെ ചേർത്തുപിടിച്ച് പത്തനാപുരം ഗാന്ധിഭവനിലാണ് ലൗലി ഇപ്പോൾ താമസിക്കുന്നത്. വാർധക്യം പിടികൂടിയപ്പോൾ സ്വന്തം അമ്മയെ കയ്യൊഴിയാതെ മുറുകെപിടിച്ച ലൗലി ബാബു യുവതലമുറക്ക് മാതൃകയാണ്.
അമ്മയെ ഉപേക്ഷിക്കാൻ ഭർത്താവു വരെ ആവശ്യപ്പെട്ടതായും പത്തനാപുരം ഗാന്ധി ഭവൻ വൈസ് ചെയർമാൻ അമൽ പങ്കുവച്ച വിഡിയോയിൽ ലൗലി പറയുന്നുണ്ട്. ദ് ഗിഫ്റ്റ് ഓഫ് ഗോഡ്, ഭാഗ്യദേവത തന്മാത്ര, പ്രണയം, നാലുപെണ്ണുങ്ങള്‍, പുതിയ മുഖം മേരിക്കുണ്ടൊരു കുഞ്ഞാട്, വെനീസിലെ വ്യാപാരി എന്നീ ചിത്രങ്ങളില്‍ വേഷമിട്ട ലൗലി നാടകത്തിലും സീരിയലിലും സജീവ സന്നിധ്യമായിരുന്നു. സ്വന്തം വീട്ടിൽ ഭർത്താവിനും മക്കൾക്കും അമ്മ ഒരു ഭാരമാണെന്നു തോന്നിയപ്പോൾ അഭിനയ ജീവിതം ഉപേക്ഷിച്ച് അമ്മയ്ക്കൊപ്പം ഗാന്ധി ഭവനിൽ അഭയം തേടുകയായിരുന്നു ലൗലി.
ലൗലി ബാബുവിന്റെ വാക്കുകൾ
‘92 വയസ്സുണ്ട് അമ്മയ്ക്ക്. കാലം മാറിയപ്പോൾ മക്കൾ മാറി. അമ്മയ്ക്ക് ആ പഴയ സ്ത്രീയാകാനേ കഴിഞ്ഞുള്ളു. ആണും പെണ്ണുമായി ഞാൻ ഒറ്റമോളാണ്. അമ്മയ്ക്ക് പ്രതീക്ഷ ഉണ്ടാവില്ലേ? ഇത് വലിയ ബുദ്ധിമുട്ടാണ്. ഇതിനെ ഓച്ചിറയിലോ ഗുരുവായൂരിലോ കൊണ്ടുപോയി കളയണമെന്ന് ഭർത്താവ് വരെ എന്നോട് പറഞ്ഞു. അതെനിക്കു വലിയ സങ്കടമായി. അന്നു മുതൽ ഞാൻ അമ്മയെ എവിടെയെങ്കിലും കൊണ്ടുപോകണമെന്ന് ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, അങ്ങനെ കൊണ്ടു പോയാൽ അമ്മ ഒറ്റയ്ക്കാവില്ലേ? അമ്മയ്ക്ക് മാനസികമായി എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാകും. പിന്നെ ഞാൻ ആലോചിച്ചു. ഞാൻ കൂടെ പോയാൽ അമ്മയ്ക്ക് സന്തോഷമാകും. നമുക്ക് എങ്ങോട്ടെങ്കിലും പോകാമെന്ന് ഞാൻ അമ്മയോടു പറഞ്ഞു. അപ്പോൾ നീ എന്റെ കൂടെയുണ്ടെങ്കിൽ ഞാൻ എവിടെ വേണമെങ്കിലും വരാമെന്ന് അമ്മ പറഞ്ഞു.
മക്കൾ രണ്ടുപേരും കൂടി ഇവിടെ വന്നു. അവർ അമ്മയെ കാണാതെ പോയി. മക്കളെ വളർത്തി. കൊച്ചുമക്കളെ പൊന്നുപോലെ വളർത്തി. അവർ ഇവിടെ വന്ന് അമ്മയെ കാണാതെ പോയത് എനിക്ക് സഹിക്കാനായില്ല. കുറച്ചു കഴിഞ്ഞപ്പോൾ അവരെന്ത്യേ എന്ന് അമ്മ ചോദിച്ചു. അവർ വരുമെന്നോർത്ത് വൈകുന്നേരം വരെ അമ്മ നോക്കിയിരുന്നു. പക്ഷേ, അവർ വന്നില്ല. വാർധക്യം ഒരവസ്ഥയാണ്. അമ്മയെ നോക്കാൻ ഞാനുണ്ട്. എന്നെ നോക്കാൻ ആരുണ്ടാകും എന്നു ചോദിക്കുന്നവരോട് ഗാന്ധി ഭവനുണ്ടാകുമെന്ന വിശ്വാസമാണുള്ളത്.’
















