നടനും രാഷ്ട്രീയപ്രവർത്തകനുമായ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) സമ്മേളനം മധുരയിൽ വെച്ച് നടന്നു. വ്യാഴാഴ്ച മധുര സാക്ഷിയായത് പാർട്ടിയുടെ ഇതുവരെയുള്ള ഏറ്റവും വലിയ ശക്തി പ്രകടനമായിരുന്നു. വിജയ്‌യുടെ ലക്ഷകണക്കിന് അനുയായികളാണ് പരിപാടിയിൽ പങ്കെടുത്തത്.
2026 ലെ തമിഴ്‌നാട് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടൻ വിജയ് തന്റെ ലക്ഷക്കണക്കിന് ആരാധകരെ ആകർഷിക്കുന്ന തരത്തിലാണ് തമിഴക വെട്രി കഴകത്തിന്റെ രണ്ടാം സംസ്ഥാന സമ്മേളനംസംഘടിപ്പിച്ചത്. മധുരയിൽ സംഘടിപ്പിച്ച പാർട്ടി റാലിയിൽ പങ്കെടുത്ത ആരാധകർ സിനിമാ സമാനമായ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. മധുര-തൂത്തുക്കുടി ദേശീയപാതയിൽ എലിയാർപതി ടോൾ ബൂത്തിന് സമീപം 500 ഏക്കർ വിസ്തൃതിയിലുളള മൈതാനത്ത് ഒരുക്കിയ പ്രത്യേകവേദിയിലാണ് സമ്മേളനം നടന്നത്. വേദിയുടെ മധ്യത്തിലൂടെ നിർമിച്ച 300 മീറ്റർ നീളമുള്ള റാമ്പിലൂടെ നടന്നാണ് വിജയ് തന്റെ അനുയായികളെ അഭിസംബോധന ചെയ്തു. വിജയ്‌യോടുള്ള അമിതാരാധനയോടെ മുന്നോട്ട് കുതിച്ചെത്തുന്ന അണികളെ തടയാൻ റാമ്പിന്റെ ഇരുവശത്തും നിലയുറപ്പിച്ച നൂറുകണക്കിന് ബൗൺസർമാർ പണിപ്പെടുകയായിരുന്നു. തന്നെക്കാണാൻ തടിച്ചുകൂടിയ ആയിരക്കണക്കിന് അനുയായികളെയും ആരാധകരെയും കൈവീശി കാണിച്ചുകൊണ്ട് വിജയ് അണികളെ അഭിവാദ്യം ചെയ്തു.
ராம்ப் வாக்கிற்குப் பிறகு எமோஷனலான விஜய்!#TVK | #Vijay | #TVKMaduraiMaanadu | #TVKMaanadu | #VikatanReels pic.twitter.com/XiJ7nBvQPo
— விகடன் (@vikatan) August 21, 2025
തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) രണ്ടാം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ ബുധനാഴ്ച രാത്രി വൈകിയാണ് വിജയ് മധുരയിൽ എത്തിയത്. ആരാധകരുടെയും പാർട്ടി പ്രവർത്തകരുടെയും ആവേശകരമായ സ്വീകരണത്തോടെയാണ് അദ്ദേഹം വേദിയിലേക്ക് എത്തിയത്. വേദിയിൽ പ്രത്യേക ഗാനം ആലപിച്ചപ്പോൾ, പാർട്ടി പ്രസിഡന്റും നടനുമായ വിജയ് സിനിമയെ വെല്ലുന്ന ഗരിമയോടെ നീണ്ട റാമ്പിലൂടെ നടന്ന് തമിഴ് മക്കളെ അഭിവാദ്യം ചെയ്തു. ഒന്നര ലക്ഷത്തോളം പേരെ അണിനിരത്തി നടത്തിയ സമ്മേളനം വലിയ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ആരംഭിച്ചത്.
രണ്ടാം സംസ്ഥാന സമ്മേളനത്തിൽ അതിഥികളായി വിജയുടെ അച്ഛൻ എസ്.എ. ചന്ദ്രശേഖറും അമ്മ ശോഭയും വേദിയിലെത്തിയിരുന്നു. ടിവികെയുടെ പ്രത്യയശാസ്ത്ര നേതാക്കളുടെ ഛായാചിത്രങ്ങളിൽ പുഷ്പാർച്ചന നടത്തിയ ശേഷം, വിജയ് പാർട്ടി പതാക ഉയർത്തി, വേദിയിൽ തമിഴക വെട്രി കഴകത്തിന്റെ എല്ലാ പാർട്ടി നേതാക്കളും പാർട്ടി പ്രതിജ്ഞയെടുത്തു. അടിമുടി നാടകീയവും സിനിമാസ്റ്റൈലിലുമായിരുന്നു വിജയ്‌യുടെ പ്രസംഗം.
അണികളെ സിംഹക്കുട്ടികൾ എന്നു വിശേഷിപ്പിച്ച് പ്രസംഗം തുടങ്ങിയ വിജയ് താനൊരു അപ്രതീക്ഷിത പ്രഖ്യാപനം നടത്താൻ പോകുകയാണെന്ന് പറഞ്ഞു. തുടർന്ന് മധുര ഈസ്റ്റ് മണ്ഡലത്തിൽ സ്ഥാനാർഥി താനാണെന്ന് പ്രഖ്യാപിച്ചു. എന്നാൽ ഒരു നിമിഷം നിർത്തിയ ശേഷം മറ്റ് 9 മണ്ഡലങ്ങളുടെ പേരു പറഞ്ഞ് അവിടെയും താൻ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ എല്ലാവരും അമ്പരന്നു. തുടർന്ന് ടിവികെ ഏതു സീറ്റിൽ മത്സരിച്ചാലും സ്ഥാനാർഥി താനാണെന്ന് കരുതി വോട്ടുചെയ്യണമെന്നും വിജയ് പറഞ്ഞു. വിജയ് തന്റെ ലക്ഷക്കണക്കിന് ആരാധകരെ ആകർഷിക്കാൻ തന്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾ സിനിമാ സമാനമായ രംഗങ്ങൾ സൃഷ്ഠിച്ചാണ് ആരാധകരിലേക്ക് എത്തിക്കുന്നത്. രാഷ്ട്രീയപ്രവേശത്തോടെ സിനിമയിൽ നിന്ന് പൂർണമായി വിട്ടുനിൽക്കും എന്നാണ് വിജയ് പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിൽ തന്റെ അവസാനത്തെ ചിത്രമായ ജനനായകന്റെ പണിപ്പുരയിലാണ് താരം.
















