മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഓണം റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ‘ഹൃദയപൂർവം’. ഇപ്പോഴിതാ ഹൃദയപൂർവം സെറ്റിലെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് നടൻ സംഗീത് പ്രതാപ്. മോഹൻലാലുമായി കമ്പനിയായതിനെ കുറിച്ചും അദ്ദേഹം തന്നെ കാരവനിലേക്ക് ക്ഷണിച്ചതുമെല്ലാം നടൻ മൂവി വേൾഡിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചു.
സംഗീത് പ്രതാപിന്റെ വാക്കുകൾ…
‘ലാലേട്ടൻ ഇങ്ങോട്ട് വന്ന് കമ്പനിയാവുകയായിരുന്നു. പിന്നെ മിക്കദിവസവും ലാലേട്ടന്റെ കാരവാനിലായിരുന്നു ഞാൻ. സത്യനങ്കിളും ലാലേട്ടനും കൂടെ അവരുടെ പഴയ കഥകളൊക്കെ പറയും. ഞാനിതൊക്കെ കേട്ടുകൊണ്ടിരിക്കും. ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയ അനുഭവങ്ങളായിരുന്നു അതൊക്കെ. ഒരു പോയിന്റ് കഴിഞ്ഞപ്പോൾ എനിക്ക് ലാലേട്ടനോട് എന്തും പറായമെന്ന രീതിയായി.ഒരുദിവസം ഷൂട്ട് തീരാൻ ഒരുപാട് വൈകി. എനിക്ക് നല്ല വിശപ്പ് തോന്നി.
‘ലാലേട്ടാ, എനിക്ക് നല്ലവണ്ണം വിശക്കുന്നുണ്ട്. ഇത് എപ്പോഴാണ് തീരുന്നത്’ എന്ന് ചോദിച്ചു. ‘മോനേ, എനിക്കും വിശക്കുന്നുണ്ട്’ എന്ന് പുള്ളി പറഞ്ഞു. പാക്കപ്പ് പറഞ്ഞതും ഞാൻ റൂമിലേക്ക് പോകാൻ നിന്നു. അപ്പോൾ ഒരു അസിസ്റ്റന്റ് വന്നിട്ട് ലാലേട്ടന്റെ കാരവനിലേക്ക് വിളിക്കുന്നുണ്ടെന്ന് പറഞ്ഞു. ഞാൻ ചെന്ന് നോക്കിയപ്പോൾ എനിക്കുള്ള ഫുഡ് കാരവനിലേക്ക് വരുത്തിയിരിക്കുകയാണ്.ഷൂട്ടിന്റെ ഇടക്ക് എനിക്ക് പനി വന്നു. പീരുമേടിലായിരുന്നു ഷൂട്ട്. അവിടത്തെ ഒരു ഡോക്ടർ വന്നിട്ട് എന്നെ പരിശോധിച്ച് ഇൻജക്ഷൻ തന്നു. ലാലേട്ടന്റെ റൂമിലായിരുന്നു ഞാൻ കിടന്നത്. എനിക്ക് ആ സമയത്ത് ഷൂട്ടുണ്ടായിരുന്നില്ല. കുറച്ച് കഴിഞ്ഞപ്പോൾ ലാലേട്ടൻ എന്റെ അടുത്ത് വന്നിരുന്ന് തലോടി. എന്നെ അങ്ങനെയാണ് അദ്ദേഹം കെയർ ചെയ്തത്. കുട്ടിക്കാലം തൊട്ട് ആരാധിക്കുന്ന മനുഷ്യന്റെ ആ തലോടലിൽ എനിക്ക് ഒരു അച്ഛന്റെ കരുതൽ ഫീൽ ചെയ്തു. ‘ലാൽ ഇതുപോലെ ആരെയെങ്കിലും നോക്കിയിട്ടുണ്ടെങ്കിൽ അത് ആന്റണിയെയാണ്’ എന്ന് സത്യനങ്കിൾ പറഞ്ഞ കമന്റ് ഞാൻ ഒരിക്കലും മറക്കില്ല,’ സംഗീത് പ്രതാപ് പറയുന്നു.
















