നാസിക്: മഹാരാഷ്ട്രയിലെ നാസിക്കിൽ തെരുവ് നായ പുള്ളിപ്പുലിയെ കീഴ്‌പ്പെടുത്തി 300 മീറ്ററോളം വലിച്ചിഴച്ചു. നാസിക്കിലെ നിഫാദിലാണ് ഏറ്റുമുട്ടലുണ്ടായത്. വൈകാതെ സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലെല്ലാം പ്രചരിച്ചു. പുള്ളിപ്പുലിയെ വലിചിഴച്ച തെരുവുനായ ആണ് ഇപ്പോൾ ഹീറോ.
📍Maharashtra | Video: In Dog vs Leopard Clash In Nashik, An Unlikely Winner pic.twitter.com/7ICRniyBLE
— NDTV (@ndtv) August 22, 2025
ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ഈ ആഴ്ച ആദ്യമാണ് വനാതിര്‍ത്തിയിൽനിന്ന് ജനവാസമേഖലയിലേക്ക് ഒരു പുള്ളിപ്പുലിയിറങ്ങിയത്. നാട്ടിന്‍പുറങ്ങളില്‍ പരിചയമില്ലാത്ത കക്ഷിയെ കണ്ടതോടെ തെരുവുനായ്ക്ക് കലിയിളകി. കുരച്ച് ഒച്ച് വെച്ചിട്ടും കലിയടങ്ങിയില്ല. പിന്നാലെ പുള്ളിപ്പുലിയെ ആക്രമിച്ച തെരുവുനായ, വളരെ ദൂരത്തേക്ക് അതിനെ വലിച്ചിഴച്ചുകൊണ്ടുപോയി.
തെരുവുനായയുടെ പെട്ടെന്നുള്ള ആക്രമണത്തില്‍ പുലിക്ക് പ്രതികരിക്കാനായില്ല. എങ്ങനെയെങ്കിലും തെരുവുനായയുടെ പിടി വിടണേയെന്ന പ്രാര്‍ത്ഥനയിലായിരുന്നു പുളളിപ്പുലി. ഏറെ നേരത്തിനൊടുവില്‍ തെരുവുനായ പുള്ളിപ്പുലിയെ വിട്ടു. ഇതോടെ പുള്ളിപ്പുലി സമീപത്തുള്ള ഒരു പാടത്തേക്ക് ഓടി രക്ഷപ്പെടുകയും ചെയ്തു.ഏറ്റുമുട്ടലില്‍ തെരുവുനായ്ക്ക് പരിക്കൊന്നുമേറ്റില്ലെങ്കിലും പുളളിപ്പുലിക്ക് പരിക്കേറ്റുവെന്നാണ് കരുതുന്നത്. പുള്ളിപ്പുലിക്ക് ചികിത്സ നല്‍കണമോ എന്നത് സംബന്ധിച്ച് വനംവകുപ്പ് ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല. എന്നാല്‍, തെരുവുനായയുടെ സഹായത്താല്‍ പ്രദേശവാസികള്‍ക്കോ വളര്‍ത്തുമൃഗങ്ങള്‍ക്കോ യാതൊരുവിധ പരിക്കുകളൊന്നുമുണ്ടായിട്ടില്ലെന്നതിന്റെ ആശ്വാസത്തിലാണ് വനംവകുപ്പ്.
തെരുവുനായകളുടെ വിഷയത്തില്‍ സുപ്രീംകോടതി നിലപാട് മാറ്റിയതിന് പിന്നാലെയാണ് ഈ വാര്‍ത്തയും പുറത്തുവരുന്നത്. ഡല്‍ഹി-എന്‍സിആര്‍ മേഖലയിലെ എല്ലാ തെരുവുനായകളെയും പ്രതിരോധ കുത്തിവയ്പിനും വന്ധ്യംകരണത്തിനും ശേഷം പിടികൂടിയ സ്ഥലങ്ങളില്‍തന്നെ തുറന്നുവിടാനാണ് സുപ്രീം കോടതിയുടെ ഭേദഗതി വരുത്തിയുളള ഉത്തരവ്. ഡല്‍ഹി രാജ്യതലസ്ഥാന മേഖലയിലെ മുഴുവന്‍ തെരുവുനായകളെയും പിടികൂടി നഗരത്തിന് പുറത്ത് ദൂരെയെവിടെയെങ്കിലും കൂട്ടിലാക്കാനായിരുന്നു കോടതി നേരത്തെ നല്‍കിയ നിര്‍ദേശം.
















