തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനു പകരം യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷന്‍ ആരാകും എന്നതിൽ പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം രൂക്ഷം. നേതാക്കൾ സ്വന്തം നിലയ്ക്കും ഗ്രൂപ്പുകളായും പേരുകൾ നിർദേശിക്കുന്നതിനാൽ ആശയവിനിമയം തുടരുകയാണ്.
അതേസമയം, തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചു രാഹുലിനു പിന്നിൽ രണ്ടാമതായ വൈസ് പ്രസിഡന്റ് അബിൻ വർക്കിയാണു സ്വാഭാവികമായി പ്രസിഡന്റ് സ്ഥാനത്തേക്കു വരേണ്ടതെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.
സംസ്ഥാന കമ്മിറ്റി ഗ്രൂപ്പില്‍ ഉള്‍പ്പെടെ അബിന്‍ വര്‍ക്കിക്ക് എതിരായ പോസ്റ്റുകള്‍ക്ക് പിന്നില്‍ രാഹുല്‍ അനുകൂലികള്‍ ആണ്. ബിനു ചുള്ളിയിലിനെ സംസ്ഥാന അധ്യക്ഷനാക്കാനുള്ള കെ.സി വേണുഗോപാലിന്റെ നീക്കത്തിനും എതിര്‍പ്പുണ്ട്. സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ഭാരവാഹികളായവരുടെ തലപ്പത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ബിനു ചുള്ളിയിനെ നിയമിക്കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന് ഒരു വിഭാഗം പറയുന്നു.
കെ.എം അഭിജിത്തിനെ നിയമിക്കാനുള്ള തീരുമാനത്തിനെയും ഇതേ യുക്തി ഉപയോഗിച്ചാണ് പ്രതിരോധിക്കുന്നത്. തര്‍ക്കം ശക്തമായതോടെ ജെ.എസ് അഖിലും അടക്കമുള്ള പേരുകളും ചില നേതാക്കള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. അതിനിടെ ഒരു വനിതയെ സംസ്ഥാന അധ്യക്ഷയാക്കി ഇപ്പോഴുള്ള നാണക്കേട് പരിഹരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
















