കോഴിക്കോട്: ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം കാപ്പിൽ കരുമാരപ്പറ്റ സ്വദേശിയായ 55 വയസ്സുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ വ്യാഴാഴ്ച പ്രവേശിപ്പിച്ച ഇവർക്കു നടത്തിയ സ്രവ പരിശോധനയിലാണു രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം ആറായി.
അതേസമയം, സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നതിൽ ആരോഗ്യവകുപ്പിന് ആശങ്ക. കൃത്യമായി ഉറവിടം മനസിലാവാത്തതാണ് ആശങ്കയ്ക്ക് കാരണം. നിലവിൽ മലപ്പുറം ,കോഴിക്കോട് ജില്ലക്കാരായ ആറുപേരാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്. ഇതിനുപുറമേ ഒരാൾ രോഗലക്ഷണങ്ങളോടെയും ഉണ്ട്. ഉറവിടം വ്യക്തമാവാൻ രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് കിണർ വെള്ളത്തിൽ നിന്നാണ് രോഗം ഉണ്ടായതെന്ന നിഗമനമാണ് ആരോഗ്യവകുപ്പിന് ഉള്ളത്.
രോഗബാധയെത്തുടർന്നു മരിച്ച താമരശ്ശേരി കോരങ്ങാട് ആനപ്പാറപ്പൊയിൽ അനയയുടെ സഹോദരൻ ആരവ് (7), മലപ്പുറം ചേളാരി സ്വദേശി 11 വയസ്സുകാരി, മലപ്പുറം പുല്ലിപറമ്പ സ്വദേശി ഷാജി (49), അന്നശ്ശേരി സ്വദേശി നസ്‌ലബ് (31) എന്നിവരും ചികിത്സയിലുണ്ട്. ഓമശ്ശേരിയിൽ നിന്നുള്ള മൂന്നു മാസം പ്രായമുളള കുട്ടി ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുന്നു. അനയയുടെ മറ്റൊരു സഹോദരനും രോഗലക്ഷണങ്ങളുമായി ചികിത്സയിലുണ്ട്.
















