വാഷിങ്ടൺ: ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡർ ആയി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സെർജിയോ ഗോറിനെ നിയമിച്ചു. ട്രംപിന്റെ അടുത്ത സുഹൃത്തും വൈറ്റ് ഹൗസ് പേഴ്സണൽ ഡയറക്ടറുമാണ് 38 കാരനായ സെർജിയോ ഗോർ. ട്രംപ് ഭരണകൂടം ഇന്ത്യയ്ക്ക് 50 ശതമാനം തീരുവ ചുമത്തിയതിനെത്തുടർന്ന് ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം വഷളായി നിൽക്കുന്ന സമയത്താണ് ഗോറിന്റെ രംഗപ്രവേശം.
ദക്ഷിണ-മധ്യേഷ്യൻ മേഖലയിലേക്കുള്ള യുഎസ് പ്രസിഡന്റിന്റെ പ്രത്യേക ദൂതനായും സെർജിയോ ഗോർ പ്രവർത്തിക്കും. ഗോർ തന്റെ ‘പ്രിയ സുഹൃത്തും’ ഭരണത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളുമാണെന്ന് ട്രംപ് വിശേഷിപ്പിച്ചു. റഷ്യയുമായുള്ള വ്യാപാര ബന്ധത്തിന്റെ പേരിൽ ഇന്ത്യക്ക് മേൽ 25 ശതമാനം അധിക നികുതി ചുമത്തിയതിനൊപ്പം, 25 ശതമാനം പ്രതികാര തീരുവയും ട്രംപ് ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഗോറിന്റെ നിയമനം നിർണായകമാണ്.’സെർജിയോയും സംഘവും റെക്കോർഡ് സമയത്തിനുള്ളിൽ ഗവൺമെന്റിന്റെ എല്ലാ വകുപ്പുകളിലുമായി ഏകദേശം 40,000 രാജ്യസ്നേഹികളെ നിയമിച്ചു- നമ്മുടെ വകുപ്പുകളും ഏജൻസികളും 95 ശതമാനത്തിലധികം അമേരിക്ക ഫസ്റ്റ് രാജ്യസ്നേഹികളാൽ നിറഞ്ഞിരിക്കുന്നു.’ ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
നിലവിൽ വൈറ്റ് ഹൗസ് പ്രസിഡൻഷ്യൽ പേഴ്സണൽ ഓഫീസിന്റെ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന ഗോർ, സ്ഥാനപതിയായി ചുമതലയെടുക്കുന്നതുവരെ പദവിയിൽ തുടരുമെന്ന് ട്രംപ് പറഞ്ഞു.’ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള ഈ മേഖലയിൽ, നമ്മുടെ അജണ്ട നടപ്പാക്കാനും നമ്മളെ സഹായിക്കാനും പൂർണ്ണമായി വിശ്വസിക്കാൻ കഴിയുന്ന ഒരാൾ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. അമേരിക്കയെ വീണ്ടും മഹത്തരമാക്കുക. സെർജിയോ ഒരു മികച്ച അംബാസഡറായിരിക്കും. അഭിനന്ദനങ്ങൾ സെർജിയോ!’ ട്രംപ് കൂട്ടിച്ചേർത്തു.
പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉസ്ബെക്കിസ്ഥാനിലെ താഷ്കന്റിൽ 1986 നവംബർ 30-നാണ് സെർജിയോ ഗൊറോഖോവ്സ്കി എന്ന സെർജിയോ ഗോർ ജനിച്ചത്. പഠനം യുഎസിലെ ജോർജ് വാഷിങ്ടൺ സർവകലാശാലയിൽ ആയിരുന്നു. അക്കാലംതൊട്ടേ രാഷ്ട്രീയത്തിൽ സജീവമായി. മിഷേൽ ബാച്ച്മാൻ, സ്റ്റീവ് കിങ്, റാൻഡി ഫോർബ്സ് തുടങ്ങിയ റിപ്പബ്ലിക്കൻ പാർട്ടി നേതാക്കളുടെ വക്താവായി പ്രവർത്തിച്ചാണ് ഗോർ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 2013-ൽ, സെനറ്റർ റാൻഡ് പോളിന്റെ രാഷ്ട്രീയകാര്യ സമിതിയായ റാൻഡ്പാകിന്റെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടറായി.വിന്നിങ് ടീം പബ്ലിഷിങ് എന്ന പ്രസാധക സ്ഥാപനത്തിന്റെ സഹസ്ഥാപകനാണ്. ‘ലെറ്റേഴ്സ് ടു ട്രംപ്’, ‘ഔർ ജേർണി ടുഗെദർ’, ‘സേവ് അമേരിക്ക’ തുടങ്ങിയ ട്രംപുമായി ബന്ധപ്പെട്ട ഒട്ടേറെ പുസ്തകങ്ങൾ ഈ സ്ഥാപനം പുറത്തിറക്കിയിട്ടുണ്ട്. 2024 നവംബറിൽ, ട്രംപ് ഗോറിനെ വൈറ്റ് ഹൗസ് പ്രസിഡൻഷ്യൽ പേഴ്സണൽ ഓഫീസിന്റെ ഡയറക്ടറായി നിയമിച്ചു.
















