ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ മേഘവിസ്ഫോടനത്തിൽ നിരവധി പേരെ കാണാതായി. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും വീടുകളും റോഡും തകർന്നു. ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
#WATCH | Uttarakhand: There is a possibility of a lot of damage due to the cloud burst in Tharali tehsil of Chamoli last night. A lot of debris has come due to the cloudburst, due to which many houses, including the SDM residence, have been completely damaged: Chamoli DM, Sandeep… pic.twitter.com/3kGNYRSMdG
— ANI (@ANI) August 23, 2025
സ്ഥലത്ത് സംസ്ഥാന ദുരന്തനിവാരണ സേനയും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അറിയിച്ചു. തരാലി മാര്‍ക്കറ്റ് ഏരിയയും സബ്-ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ ഔദ്യോഗിക വസതിയുമടക്കം നിരവധി കെട്ടിടങ്ങളും വാഹനങ്ങളും അവശിഷ്ടങ്ങള്‍ കൊണ്ട് മൂടിയ നിലയിലാണ്. സ്ഥലത്തെ കനത്ത മഴയും അവശിഷ്ടങ്ങളും കാരണം തരാലി-ഗ്വാല്‍ഡം റോഡും തരാലി-സഗ്വാര റോഡും അടച്ചിട്ടിരിക്കുകയാണ്.നിരവധി പ്രദേശവാസികളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ചമോലി പോലീസ് അറിയിച്ചു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു.
‘ഇന്നലെ രാത്രി വൈകി, ചമോലി ജില്ലയിലെ തരാലി മേഖലയില്‍ മേഘവിസ്‌ഫോടനം ഉണ്ടായതായ ദുഃഖകരമായ റിപ്പോര്‍ട്ട് ലഭിച്ചു. ജില്ലാ ഭരണകൂടവും ദുരന്തനിവാരണസേനയും പോലീസും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഞാന്‍ പ്രാദേശിക ഭരണകൂടവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. വ്യക്തിപരമായി സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുമുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കായി ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു.’ അദ്ദേഹം എക്‌സില്‍ കുറിച്ചു.ഉത്തരാഖണ്ഡില്‍ കനത്ത മഴ തുടരുകയാണ്.
സംസ്ഥാനത്ത് ഇത്തവണ തുടര്‍ച്ചയായി മേഘവിസ്‌ഫോടനങ്ങളും മിന്നല്‍ പ്രളയങ്ങളും ഉരുള്‍പൊട്ടലും ഉണ്ടാകുന്നുണ്ട്. ഓഗസ്റ്റ് 25 വരെ ഉത്തരാഖണ്ഡില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.’ഓഗസ്റ്റ് 23-ന് ബാഗേശ്വര്‍, പിത്തോരഗഡ്, നൈനിറ്റാള്‍, ഡെഹ്‌റാഡൂണ്‍ എന്നിവിടങ്ങളിലും, ഓഗസ്റ്റ് 24-ന് ഡെഹ്‌റാഡൂണ്‍, തെഹ്രി, ഉത്തരകാശി, ബാഗേശ്വര്‍, പിത്തോരഗഡ് എന്നിവിടങ്ങളിലും, ഓഗസ്റ്റ് 25-ന് ഗര്‍വാള്‍ കുന്നുകളിലും നൈനിറ്റാള്‍, ബാഗേശ്വര്‍, പിത്തോരഗഡ് എന്നിവിടങ്ങളിലും കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.’ എന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
















