തൃശ്ശൂര്‍: പോലീസില്‍ ബിജെപി അനുഭാവികളുടെ കൂട്ടായ്മകള്‍ രൂപപ്പെടുന്നതായി കണ്ടെത്തൽ. കുടുംബസംഗമങ്ങള്‍ എന്ന രീതിയിൽ ആണ് യോഗങ്ങൾ നടത്തുന്നത്. വിരമിച്ച പോലീസുകാർ ആണ് കൂട്ടായ്മക്ക് നേതൃത്വം വഹിക്കുന്നത്. പോലീസില്‍ ബിജെപി അനുഭാവികളുടെ എണ്ണം കൂടുന്നുണ്ടെന്ന് സിപിഎം, കോണ്‍ഗ്രസ് അനുഭാവികള്‍ ഒരുപോലെ സമ്മതിക്കുന്നുണ്ട്.
ജില്ലാതലത്തിലും സംസ്ഥാനതലത്തിലും സ്വാധീനം ശക്തമാക്കാനാണ് ശ്രമം. പോലീസ് അസോസിയേഷന്‍, പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ എന്നീ ഔദ്യോഗിക സംഘടനകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സിപിഎം, കോണ്‍ഗ്രസ് അനുഭാവികളാണ് രണ്ടുപാനലായി മത്സരിക്കാറ്. സാധാരണ ബിജെപി അനുഭാവികള്‍ കോണ്‍ഗ്രസ് പാനലിനോട് ചേര്‍ന്നുനില്‍ക്കും. ഇത്തവണയും അവര്‍ നേരിട്ട് മത്സരത്തിനിറങ്ങിയിട്ടില്ലെങ്കിലും ബിജെപി അനുഭാവികള്‍ പ്രതിപക്ഷത്തിന്റെ പാനലില്‍ ഉണ്ടായിരുന്നതായി ഭരണപക്ഷം ആരോപിക്കുന്നു.കേരളത്തില്‍ ബിജെപിക്ക് ഭരണം ലഭിക്കാത്തതിനാല്‍ സിപിഎമ്മിനെയോ കോണ്‍ഗ്രസിനെയോപോലെ അസോസിയേഷന്‍ മത്സരത്തിലേക്ക് വരാന്‍ ബുദ്ധിമുട്ടാണ്. അതേസമയം കൂട്ടായ്മ ശക്തമാക്കുന്നതിലൂടെ ഇവര്‍ക്ക് പോലീസില്‍ ഇടപെടലുകള്‍ സാധ്യമാവും.
പോലീസ് അസോസിയേഷനുകള്‍ സിപിഎം രാഷ്ട്രീയവത്കരിച്ചതില്‍ പ്രതിഷേധിച്ചാണ് ഇത്തരമൊരു കൂട്ടായ്മ ശക്തമാക്കുന്നതെന്നാണ് ഇതിലുള്ളവര്‍ പറയുന്നത്. ഈ കൂട്ടായ്മ പലതരത്തിലുള്ള രാഷ്ട്രീയ ഇടപെടലുകളും നടത്തുമെന്ന സൂചനയുമുണ്ട്. കഴിഞ്ഞയാഴ്ച തൃശ്ശൂര്‍ കമ്മിഷണര്‍ ഓഫീസ് മാര്‍ച്ചില്‍ ബിജെപിക്കാരെ കൈകാര്യംചെയ്യാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ടെന്ന് പോലീസുകാരന്‍ മുന്നറിയിപ്പുനല്‍കിയതായി ശോഭാ സുരേന്ദ്രന്‍ പറഞ്ഞതിനെ ഇതുമായി ചേര്‍ത്തുവായിക്കാം.
















