തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ സ്കൂൾ ശാസ്ത്രോത്സവത്തിന്റെ സംഘാടക സമിതി യോഗത്തിൽ നിന്ന് ഒഴിവാക്കാൻ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി നിർദ്ദേശം നൽകി. രാഹുലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
നവംബര്‍ 7 മുതല്‍ പാലക്കാട്ട് നടക്കുന്ന ശാസ്‌ത്രോല്‍സവത്തിന്റെ സംഘാടക സമിതി രൂപീകരിക്കാനായി തിങ്കളാഴ്ച പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിൽ ചേരാനിരിക്കുന്ന യോഗത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അധ്യക്ഷന്‍ ആയിരുന്നു.
തദ്ദേശമന്ത്രി എം.ബി.രാജേഷാണ് ഉദ്ഘാടകന്‍. ഇതു സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പ് ക്ഷണക്കത്ത് പുറത്തിറക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് രാഹുലില്‍നിന്ന് ദുരനുഭവം ഉണ്ടായെന്നു ചൂണ്ടിക്കാട്ടി യുവനടി ഉള്‍പ്പെടെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഈ സാഹചര്യത്തില്‍ രാഹുലിനെ അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിവാക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കുകയായിരുന്നു.
















