രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിട്ടില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി പറഞ്ഞു. പൊലീസിലോ പാർട്ടിയിലോ പരാതി ലഭിച്ചിട്ടില്ലെന്നും ദീപാ ദാസ് മുൻഷി വ്യക്തമാക്കി. വിമർശിക്കുന്നവർ സ്വന്തം പാർട്ടിയിലെ നിലപാടുകൾ പരിശോധിക്കണമെന്നും ദീപാദാസ് മുൻഷി പറഞ്ഞു.
‘രാഹുലിനെതിരെ നിരവധിപ്പേർ പരാതി ഉന്നയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ രാഹുൽ വ്യക്തമായി പ്രതികരിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് ചുമതലയിൽ നിന്ന് രാജിവയ്ക്കുകയും ചെയ്തു. വിഷയത്തിൽ കമ്മിറ്റി കൂടുമെന്ന് ഇന്ന് ഒരു വാർത്ത കണ്ടു. പരാതിയൊന്നും ലഭിക്കാതെ പാർട്ടിക്ക് എന്താണ് ചെയ്യാൻ സാധിക്കുക? ഇതൊരു നിയമപോരാട്ടമോ പരാതിക്കെതിരായ പോരാട്ടമോ അല്ല. ധാർമികതയുടെ വശത്താണ് പാർട്ടി എപ്പോഴും നിന്നിട്ടുള്ളത്. ഇനിയും അങ്ങനെയായിരിക്കും. രാഹുലിനെ പാർട്ടിയിൽ നിന്ന് മാറ്റിയതല്ല, സ്വയം രാജിവച്ചതാണ്’- ദീപാ ദാസ് മുൻഷി വ്യക്തമാക്കി.
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന നിലപാടിലാണ് കോൺഗ്രസിലെ ഒരു വിഭാഗം.സാങ്കേതികത്വം പറഞ്ഞുള്ള സംരക്ഷണം പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നാണ് അഭിപ്രായം. പരാതിയും കേസുമില്ലാതെ നീക്കേണ്ടതില്ലെന്നും വാദം ഉയരുന്നുണ്ട്. അതിനിടെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നിലവിലെ ഭാരവാഹികൾക്ക് പുറത്ത് നിന്നുള്ളയാൾ വേണ്ടെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കൾ. രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരാനാണ് എൽഡിഎഫിന്റേയും ബിജെപിയുടേയും നീക്കം.
രാഹുലിനെതിരെ പരാതി ഉന്നയിച്ച ഹണി ഭാസ്കരന്റെ സൈബർ ആക്രമണ പരാതിയിൽ പൊലീസ് കേസെടുത്തു. ഇതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ പരാതികളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. രാഹുലിന് പറയാനുള്ളത് കൂടി കേൾക്കും. നിരപരാധി ആണെങ്കിൽ അത് തെളിയിക്കാനുള്ള അവസരം കൊടുക്കും. നടപടി ഉണ്ടാകുമെന്ന് താൻ പറഞ്ഞതാണ്. ആരോപണവിധേയനായ വ്യക്തിക്ക് പറയാനുള്ളത് കൂടി കേൾക്കുമെന്ന് നേരെത്തെ നടന്ന പത്രസമ്മേളനത്തിൽ വി ഡി സതീശൻ പറഞ്ഞിരുന്നു.
















