കോഴിക്കോട്: വടകരയിൽ ഷാഫി പറമ്പിൽ പങ്കെടുക്കുന്ന പരിപാടിയിലേക്ക് സിപിഎം പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. പ്രതിഷേധക്കാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ദേശീയപാത നിർമാണത്തിലെ അനാസ്ഥയ്ക്കെതിരെ സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഷാഫി പറമ്പിലിനെതിരെ പ്രതിഷേധവുമായി ഇടതുപ്രവർത്തകർ എത്തിയത്. പ്രതിഷേധം മുന്നിൽകണ്ട് കനത്ത സുരക്ഷയാണ് പോലീസ് പ്രദേശത്ത് ഒരുക്കിയിട്ടുള്ളത്. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തു തള്ളുമുണ്ടായി.
പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഷാഫി പറമ്പിൽ എംപിയുമാണ് രാഹുലിനെ സംരക്ഷിക്കുന്നതെന്നാണ് പ്രവർത്തകരുടെ ആരോപണം. സംസ്ഥാനവ്യാപകമായി പ്രതിഷേധം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് ഇടതുസംഘടനകൾ.
















