ഇന്ത്യൻ സിനിമാലോകത്തെ തന്നെ ശ്രദ്ധേയ സംവിധായകൻ മലയാളത്തിന്‍റെ സ്വന്തം പ്രിയദർശന്‍റെ പുതിയ ബോളിവുഡ് ചിത്രത്തിന് കൊച്ചിയിൽ തുടക്കമായി. പനമ്പിള്ളി നഗറിലെ ഒരു ടീ ഷോപ്പിന് മുമ്പിൽ ചായ കുടിച്ചുകൊണ്ടു നിൽക്കുന്ന സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും ചേർന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് പ്രിയദർശൻ സോഷ്യൽ മീഡിയയിലൂടെ പുതിയ ചിത്രത്തെ കുറിച്ച് അറിയിച്ചിരിക്കുന്നത്. കെവിഎൻ പ്രൊഡക്ഷൻസ്, തേസ്പിയൻ ഫിലിംസ് എന്നീ ബാനറുകളിൽ ഒരുങ്ങുന്ന ചിത്രത്തിന് ‘ഹയ്‍വാൻ’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ബോളിവുഡിൽ ഒട്ടേറെ ഫൺ എന്‍റർടെയ്നറുകള്‍ ഒരുക്കിയ പ്രിയന്‍റെ പുതിയ ചിത്രം ഒരു ഹൈ ഒക്ടെയ്ൻ ത്രില്ലറാണെന്നാണ് സൂചന.
ഒട്ടേറെ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുള്ള സെയ്ഫും അക്ഷയ് കുമാറും നീണ്ട 17 വർഷങ്ങൾക്ക് ശേഷമാണ് ഒരുമിച്ച് വീണ്ടുമെത്തുന്നത്. ‘തഷാൻ’ ആണ് ഇരുവരും ഒരുമിച്ചഭിനയിച്ച ഒടുവിലത്തെ ചിത്രം. സാബു സിറിലാണ് ഹയ്‍വാന്‍റെ പ്രൊഡക്ഷൻ ഡിസൈനർ, ദിവാകർ മണിയാണ് ഛായാഗ്രാഹകൻ, എം.എസ് അയ്യപ്പൻ നായരാണ് എഡിറ്റർ, അരോമ മോഹനാണ് പ്രൊഡക്ഷൻ കൺട്രോളർ.

കൊച്ചിയിൽ ഷൂട്ടിംഗ് തുടങ്ങിയ ചിത്രത്തിന് ഇനി വാഗമൺ, ഊട്ടി, ബോംബെ എന്നിവിടങ്ങളാണ് അടുത്ത ലൊക്കേഷനുകള്‍. ‘ഭൂത് ബംഗ്ല’യ്ക്ക് ശേഷമാണ് പ്രിയദർശൻ പുതിയ ചിത്രത്തിന്‍റെ ചിത്രീകരണത്തിലേക്ക് കടന്നിരിക്കുന്നത്. ‘ഭൂത് ബംഗ്ല’ ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. ‘അപ്പാത്ത’യാണ് പ്രിയദർശന്‍റേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. പിആർഒ: ആതിര ദിൽജിത്ത്.
STORY HIGHLIGHT: Priyadarshan film starts in Kochi
















